You are currently viewing ശബരിമലയുടെ ശുചിത്വം നിലനിർത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന  ‘വിശുദ്ധി സേന’

ശബരിമലയുടെ ശുചിത്വം നിലനിർത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന  ‘വിശുദ്ധി സേന’

ശബരിമല: ദിവസേന ഒരു ലക്ഷത്തോളം തീർത്ഥാടകർ എത്തുന്ന ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘വിശുദ്ധി സേന’യാണ്. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ആയിരത്തോളം സേനാംഗങ്ങൾ മലനിരകളിൽ മുഴുവൻ ശുചിത്വത്തിന്റെ കാവലാളുകളായി മാറിയിരിക്കുകയാണ്.

പത്തനംതിട്ട ജില്ലാ കളക്ടർ ചെയർപേഴ്‌സണും അടൂർ ആർഡിഒ മെമ്പർ സെക്രട്ടറിയുമായ സാനിറ്റേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ശബരിമലയുടെ ഏത് ഭാഗത്തും നീല യൂണിഫോമിട്ട് ചെറു സംഘങ്ങളായി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിശുദ്ധി സേനാംഗങ്ങളെ കാണാം.

സന്നിധാനത്ത് മാത്രം 300 പേരും പമ്പയിൽ 220 പേരും നിലയ്ക്കൽ ബേസ് ക്യാമ്പിൽ 430 പേരും പന്തളത്ത് 20 പേരും കുളനടയിൽ 10 പേരുമാണ് നിയമിച്ചിരിക്കുന്നത് എന്ന് ശബരിമല എഡിഎം ഡോ. അരുൺ എസ്. നായർ അറിയിച്ചു.
നിയമിച്ചിരിക്കുന്ന പ്രദേശങ്ങളിലെ മാലിന്യം ശേഖരിച്ച് ട്രാക്ടറുകൾ വഴി ഇൻസിനറേറ്ററുകളിലേക്ക് എത്തിക്കുന്നതാണ് ഇവരുടെ പ്രധാന ചുമതല. സന്നിധാനം, പമ്പ, നിലയ്ക്കൽ മേഖലകളിലായി 24 ട്രാക്ടറുകൾ ഇതിനായി വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്ത് 15 ഇടങ്ങളിലായി വിശുദ്ധി സേനയെ നിയോഗിച്ചിരിക്കുകയാണെന്നും ഓരോ സംഘത്തിനും സൂപ്പർവൈസർമാരുള്ളതായും സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് ഡെപ്യൂട്ടി കളക്ടർ എസ്. സനിൽകുമാർ അറിയിച്ചു.

വിശുദ്ധി സേനാംഗങ്ങൾക്ക് താമസവും ഭക്ഷണവും ദേവസ്വം ബോർഡ് ഒരുക്കിച്ചിട്ടുള്ളതാണ്. ഇവരിൽ ഭൂരിഭാഗവും തമിഴ്നാട് സേലം സ്വദേശികളാണെന്നതും ശ്രദ്ധേയമാണ്. ശബരിമലയെ ശോഭനമായ ശുചിത്വ മാതൃകയായി നിലനിർത്തുന്നതിൽ ഈ സന്നദ്ധസേനയുടെ പങ്ക് വലിയതാണ്.

Leave a Reply