You are currently viewing വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ ഔദ്യോഗിക അന്താരാഷ്ട്ര സീപോർട്ടുകളുടെ പട്ടികയിൽ

വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ ഔദ്യോഗിക അന്താരാഷ്ട്ര സീപോർട്ടുകളുടെ പട്ടികയിൽ

തിരുവനന്തപുരം: രാജ്യത്തിന്റെ ഔദ്യോഗിക അന്താരാഷ്ട്ര സീപോർട്ടുകളുടെ പട്ടികയിൽ വിഴിഞ്ഞം തുറമുഖം ഉൾപ്പെട്ടതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. നവംബർ 20-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് Immigration and Foreigners Act, 2025 പ്രകാരം വിഴിഞ്ഞത്തിന് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് പദവി അനുവദിച്ചിരിക്കുന്നത്.

ഈ അംഗീകാരം വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖ ഭൂപടത്തിൽ കൂടുതൽ ശക്തമായി ഉയർത്തുന്നതോടൊപ്പം വ്യാപാര-ലജിസ്റ്റിക് വളർച്ചക്കും പുതിയ വാതിലുകൾ തുറക്കുന്നു. ക്രൂ ചേഞ്ച് ഉൾപ്പെടെയുള്ള സമുദ്ര ഗതാഗത നടപടികൾ ഇനി കൂടുതൽ എളുപ്പമാകും. ചരക്കും കണ്ടെയ്നറുകളും കൈകാര്യം ചെയ്യുന്ന വേഗത ഗണ്യമായി വർദ്ധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ദക്ഷിണേന്ത്യയുടെ വലിയൊരു വിഭാഗം കയറ്റുമതിയും ഇറക്കുമതിയും ഇതുവരെ കൊളംബോ പോലുള്ള വിദേശ ഹബുകളെ ആശ്രയിച്ചാണ് നടക്കുന്നത്. വലിയ കപ്പലുകൾക്കും അനായാസ പ്രവേശന സൗകര്യവുമുള്ള വിഴിഞ്ഞം പ്രവർത്തനം പൂർണ്ണതയിലെത്തുമ്പോൾ ഈ വ്യാപാരപ്രവർത്തനങ്ങൾ നേരിട്ട് ഇന്ത്യയുടെ നിയന്ത്രണത്തിൽ നടത്താൻ കഴിയുന്നതോടെ പ്രദേശത്തിന്റെ വ്യാപാരമേഖലയിൽ വലിയ മാറ്റം സംഭവിക്കുമെന്ന് വിലയിരുത്തുന്നു.

ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളെ തന്നെ കൈകാര്യം ചെയ്യാനാകുന്ന ശേഷിയുള്ള വിഴിഞ്ഞം, ആഗോള മത്സരത്തിന് തയ്യാറായി നിൽക്കുന്ന പുതിയ ഇന്ത്യൻ സമുദ്ര ഗേറ്റ്‌വേ ആയി മാറിക്കൊണ്ടിരിക്കുന്നു. ഇതോടെ കേരളത്തിന്റെ സാമ്പത്തിക വളർച്ചക്കും തൊഴിൽ അവസരങ്ങൾക്കും വലിയ ഉണർവ് നൽകുന്ന നിർണായക ഘട്ടം ആരംഭിച്ചതായി വിദഗ്ധർ അഭിപ്രായപ്പെട്ടു.

Leave a Reply