You are currently viewing കുമരകത്ത് വി.വി.ഐ.പി ഹെലിപ്പാഡ്: ടൂറിസത്തിനും ഹോട്ടൽ വ്യവസായത്തിനും വലിയ മുന്നേറ്റം

കുമരകത്ത് വി.വി.ഐ.പി ഹെലിപ്പാഡ്: ടൂറിസത്തിനും ഹോട്ടൽ വ്യവസായത്തിനും വലിയ മുന്നേറ്റം

കുമരകം:വി.വി.ഐ.പി ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ലാൻഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ കുമരകത്ത് ആധുനിക ഹെലിപ്പാഡ് നിർമ്മിക്കാൻ 5 കോടി രൂപയുടെ ബജറ്റ് സർക്കാർ അനുവദിച്ചു. രാഷ്ട്ര തലവൻമാരടക്കം നിരന്തരം സന്ദർശനം നടത്തുന്ന കുമരകത്തിന്റെ ഹോട്ടൽ വ്യവസായ മേഖലയ്ക്കും ടൂറിസം രംഗത്തിനും ഏറെ ഗുണകരമായ തീരുമാനമാണിത്.

24 വർഷം മുൻപ് മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ സന്ദർശനത്തിലൂടെയാണ് കുമരകം രാജ്യാന്തര ശ്രദ്ധ നേടുന്നത്. തുടർന്ന് ശ്രീലങ്കൻ മുൻ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ, ബ്രിട്ടീഷ് രാജകുമാരൻ ചാൾസ്, മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടിൽ തുടങ്ങിയ പ്രമുഖർ കുമരകത്തിന്റെ കായൽസൗന്ദര്യം നേരിൽ കണ്ടറിഞ്ഞവരാണ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം ബഹുമാനപ്പെട്ട രാഷ്ട്രപതി ദ്രൗപതി മുർമ്മുവും കുമരകം സന്ദർശിച്ചിരുന്നു.

ജി20 ഉച്ചകോടിയുടെ വേദിയായി കുമരകം മാറിയതോടെ രാജ്യാന്തര ടൂറിസം മേഖലയിൽ ഈ പ്രദേശത്തിന് വേറിട്ട മേൽവിലാസം ലഭിച്ചു. പ്രധാന വ്യക്തികൾക്ക് നേരിട്ട് കുമരകത്ത് ഇറങ്ങാൻ കഴിയുന്ന വലിയ ഹെലിപ്പാഡ് യാഥാർത്ഥ്യമാകുന്നതോടെ രാജ്യാന്തര ടൂറിസം രംഗത്തും അനുബന്ധ മേഖലകളിലും വലിയ അവസരങ്ങളാണ് കുമരകത്തെ കാത്തിരിക്കുന്നത്.

Leave a Reply