
തലനാട്: തലനാട് പഞ്ചായത്ത് ചോനമലയിൽ കടന്നൽ കുത്തേറ്റുണ്ടായ പരിക്കുകൾ മൂലം മധ്യവയസ്കൻ മരണപ്പെട്ടു. താളനാനിക്കൽ സ്വദേശിയായ ജസ്റ്റിൻ (50) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിൽ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് കടന്നൽ ആക്രമിച്ചത്.
സംസാരശേഷിയില്ലാത്ത വ്യക്തിയായ ജസ്റ്റിൻ ഗുരുതരമായി പരിക്കേറ്റിട്ടും ഓടിയെത്തി സമീപത്തെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തലനാട് സബ് സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും ശരീരം നിറം മാറിത്തുടങ്ങിയിരുന്നു. തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ജസ്റ്റിന്റെ മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. പ്രദേശത്ത് കടന്നൽ സാന്നിധ്യം വർധിച്ചതിനെ തുടർന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.
