തരിശിടങ്ങളില്‍ നെല്‍കൃഷിയുടെ സമൃദ്ധിവിളയിക്കുകയാണ് ജില്ലാ പഞ്ചായത്ത്. ‘കതിര്‍മണി’ പദ്ധതിക്ക് വയസ് രണ്ടാകുമ്പോള്‍ വിപണിയില്‍ നിറയുന്നത് 60 ടണ്‍ മട്ടഅരി. തരിശ്‌നെല്‍പ്പാടങ്ങളില്‍നിന്ന് മുണ്ടകന്‍ കൃഷിക്ക് അനുയോജ്യമായവ ഏറ്റെടുത്താണ് കൃഷി. കൃഷിയിടങ്ങള്‍ കണ്ടെത്തുന്നത് കൃഷിഭവനുകളാണ്.
ഉദ്പാദിപ്പിക്കുന്ന നെല്ലിന് താങ്ങ് വില നല്‍കുന്നു. അരി സംഭരിച്ച് ജില്ലാ പഞ്ചായത്തിന്റെ ലേബലില്‍ ഗുണനിലവാരമുള്ള ഉല്‍പന്നമാക്കിമാറ്റിയാണ് വിപണയില്‍ എത്തിക്കുന്നത്. 325 രൂപയ്ക്ക് അഞ്ച് കിലോ വീതമുള്ള പാക്കറ്റുകളായാണ് വില്‍പന. ഉപോല്‍പ്പന്നങ്ങളായി പൊടിയരിയും തവിടും കൂടിയുണ്ട്.
തനതു പ്ലാന്‍ ഫണ്ടുകളില്‍ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2023-24ലായിരുന്നു ആദ്യഘട്ടം; ജനകീയാസൂത്രണ പദ്ധതിയിലൂടെ 25 കൃഷിഭവനുകള്‍ മുഖേന 350 ഏക്കര്‍ തരിശില്‍. സബ്സിഡിയായി ഹെക്ടറിന് 35,000 രൂപയും ഭൂവുടമകള്‍ക്ക് ഇന്‍സെന്റീവായി 5,000 രൂപയും നല്‍കി. കിലോയ്ക്ക് 28.20 രൂപ നല്‍കി നെല്ല് സംഭരിച്ചു. ഓയില്‍ പാം ഇന്‍ഡ്യ ലിമിറ്റഡിന്റെ വെച്ചൂരിലുള്ള മോഡേണ്‍ റൈസ് മില്ലില്‍ സംസ്‌കരിച്ച് ‘കതിര്‍മണി’ ബ്രാന്‍ഡില്‍ 60 ശതമാനം തവിട്കലര്‍ന്ന ഗുണമേ•യുള്ള അരിയായി വിപണിയില്‍ എത്തിച്ചു. പാടശേഖരസമിതികള്‍, സ്വയംസഹായ സംഘങ്ങള്‍, കൃഷിക്കൂട്ടങ്ങള്‍, ഗ്രന്ഥശാല കൂട്ടായ്മകള്‍ എന്നിവ മുഖേനയാണ് കൃഷി നടത്തിയത്. 350 ടണ്‍ നെല്ല് ഉദ്പാദിപ്പിച്ചു.
രണ്ടാം ഘട്ടത്തില്‍ (2024-25) 241.4 ഏക്കര്‍ തരിശ്‌നിലത്തില്‍ കൃഷി നടത്തി. തട്ടാര്‍ക്കോണം, ചെറിയേല, ചടയമംഗലം, തേവലക്കര പാടശേഖരങ്ങളില്‍ ജ്യോതി, ഉമ, ശ്രേയസ് നെല്ലിനങ്ങള്‍ കൃഷിചെയ്ത് 52 ടണ്‍ നെല്ല് സംഭരിച്ചു. ജില്ലാപഞ്ചായത്ത് ഓഫീസ് ഔട്ട്‌ലെറ്റ്, കുടുംബശ്രീ എക്കോ ഷോപ്പുകള്‍, കൃഷിഭവനുകള്‍, തിരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി കതിര്‍മണി നാടാകെയെത്തിച്ചു.
മൂന്നാംഘട്ടത്തില്‍ (2025-26) പുതുതായി 250 ഏക്കറില്‍ വ്യാപിപ്പിക്കുന്ന കൃഷി സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ആരംഭിക്കും. തരിശായ 450 ഏക്കറില്‍ നെല്‍കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതികാരണമായത്. തരിശു നിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് മികച്ച വരുമാനവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന്‍ വ്യക്തമാക്കി.
