
കുളക്കട കിഴക്ക് മേഖലയിലെ കൊല്ലാമല, മലപ്പാറ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമായി തുടരുകയാണ്. മലപ്പാറ–കാരക്കാട്ട് വയലിൽ കഴിഞ്ഞ ദിവസങ്ങളിലായി മരച്ചീനികൾ കൂട്ടത്തോടെ നശിപ്പിക്കപ്പെട്ട നിലയിൽ കാണപ്പെടുന്നത് കർഷകരെ വേദനിപ്പിക്കുന്നു.

അർധരാത്രിയിൽ ഉറക്കം ഉപേക്ഷിച്ച് പടക്കങ്ങൾ പൊട്ടിച്ച് പന്നികളെ ഓടിക്കാൻ ശ്രമിച്ചാലും, കുറച്ചുസമയത്തിനകം അവ വീണ്ടും കൂട്ടമായി എത്തി ചേമ്പ്, കാച്ചിൽ, മരച്ചീനി തുടങ്ങിയ കാർഷിക വിളകൾ പൂർണ്ണമായും നശിപ്പിക്കുകയാണ്.
ഇതിന്റെ ഫലമായി നിരവധി കർഷകർ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയാണ്. ഒരുകാലത്ത് മികച്ച വിളവുണ്ടായിരുന്ന പല പ്രദേശങ്ങളും ഇന്ന് കാട്ടുപിടിച്ച തരിശ് നിലങ്ങളായി മാറിയിരിക്കുകയാണ്.
അധികൃതർ അടിയന്തരമായി ഇടപെട്ട് ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, കർഷകർ കൂട്ടത്തോടെ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു.