
ശബരിമല മണ്ഡല–മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നതോടെ നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ ദർശനത്തിനായി എത്തിയവരുടെ എണ്ണം രണ്ട് ലക്ഷത്തിനോട് അടുക്കുന്നു. ഇതുവരെ 1,96,594 പേരാണ് അയ്യപ്പദർശനത്തിന് എത്തിയതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. വിർച്വൽ ക്യൂയും സ്പോട്ട് ബുക്കിംഗും ഉൾപ്പെടുത്തി തയ്യാറാക്കിയ കണക്കുകളാണിവ.
നവംബർ 16ന് വൈകിട്ട് അഞ്ചിന് നട തുറന്നതിനു ശേഷം ആ ദിവസം 53,278 പേരും നവംബർ 17ന്, വൃശ്ചികം ഒന്നിന്, 98,915 പേരും മലകയറുകയായിരുന്നു. നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ 44,401 തീർഥാടകർ ദർശനം നടത്തി.
യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കി തീർഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയമാക്കി മുന്നോട്ട് കൊണ്ടുപോകുന്നതിന് പൊലീസ്, ദേവസ്വം, വനവകുപ്പ് അടക്കമുള്ള വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു.
