You are currently viewing നടപ്പാതയിലേക്ക് ഇടിച്ചുകയറിയ യൂബർ കാർ ഇടിച്ച് യുവതി മരിച്ചു

നടപ്പാതയിലേക്ക് ഇടിച്ചുകയറിയ യൂബർ കാർ ഇടിച്ച് യുവതി മരിച്ചു

കൂട്ടുകാരിയുടെ കൈപിടിച്ച് നടന്നുനീങ്ങിയ സാധാരണമായൊരു വഴിയാത്ര ഗോപികയുടെ ജീവിതത്തിലെ അവസാന യാത്രയായി. വൈറ്റില–കടവന്ത്ര റോഡിൽ വെൽകെയർ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട യൂബർ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ ദാരുണമായ അപകടത്തിൽ കൊല്ലം പുത്തൂർ സ്വദേശിനി ഗോപിക ജയൻ (31) ആണ് മരിച്ചത്.

ഇന്നലെ പുലർച്ചെ 5.45ഓടെയായിരുന്നു അപകടം. വൈറ്റില ഹബ്ബിൽ മറ്റൊരു സുഹൃത്തിനെ യാത്രയാക്കി മടങ്ങുകയായിരുന്ന ഗോപികയും തൃശൂർ സ്വദേശിനി മൊസീനയും റോഡരികിലെ ഫുട്പാത്തിലൂടെ നടക്കുന്നതിനിടെയാണ് കാർ പാഞ്ഞുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിനും കാറിനുമിടയിൽ ഗോപിക കുടുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൊസീന ചികിത്സയിലാണ്.

അപകടം നടന്ന ഉടൻ സമീപത്തെ ജിമ്മിലുണ്ടായിരുന്നവരും ബൈക്ക് യാത്രക്കാരും ചേർന്ന് ഗോപികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജീവിതത്തിലെ നിരവധി പ്രതിസന്ധികളോട് പൊരുതിനിന്ന കരുത്തുറ്റ വ്യക്തിത്വമായിരുന്നു ഗോപിക. ആറു വർഷം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മനുമോഹൻ മരിച്ചതോടെ, രണ്ട് മക്കളായ ശബരിനാഥ് (9), ആര്യനാഥ് (8) എന്നിവർക്ക് അമ്മയും അച്ഛനുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. എം.സി.എ പഠനം പൂർത്തിയാക്കിയ ശേഷം അഞ്ച് മാസം മുൻപാണ് വൈറ്റിലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എച്ച്.ആർ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്.

കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.
ഒരു നിമിഷത്തെ അശ്രദ്ധ പൊലിപ്പിച്ചത് ഒരു യുവതിയുടെ ജീവൻ മാത്രമല്ല, രണ്ട് കുഞ്ഞുങ്ങളുടെ തണലും കൂടിയാണെന്ന് അപകടസ്ഥലത്ത് എത്തിയവർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply