
ഇരിങ്ങാലക്കുട: സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഇരിങ്ങാലക്കുട കൊട്ടിലിങ്ങപ്പാടം ആസാദ് റോഡിൽ കരിപ്പുര വീട്ടിൽ അഷറഫിന്റെ മകൾ ആഫിദ (28)യാണ് മരിച്ചത്.
കൊടകര–വെള്ളിക്കുളങ്ങര റോഡിലെ നെല്ലിപ്പറമ്പിൽ തിങ്കളാഴ്ച വൈകിട്ട് എട്ട് മണിയോടെയായിരുന്നു അപകടം.

ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, ആഫിദയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. സ്കൂട്ടറിൽ ഒരു കുട്ടിയും ബന്ധുവായ സ്ത്രീയുമുണ്ടായിരുന്നു. പത്തുകുളങ്ങരയിലെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
നെല്ലിപ്പറമ്പിലെത്തിയപ്പോൾ ആഫിദ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കവെ എതിര്‍ദിശയിൽ നിന്നുവന്ന ബൈക്കിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. അതേസമയം പിന്നിൽ നിന്നുവന്ന മറ്റൊരു ബൈക്കും സ്കൂട്ടറിലിടിച്ചു. ഇതോടെ നിയന്ത്രണം വിട്ട് മറിഞ്ഞുവീണ ആഫിദയുടെ ശരീരത്തിനുമേൽ സ്വകാര്യ ബസ് കയറിയിറങ്ങി. അപകടത്തിൽ ആഫിദ തൽക്ഷണം മരിച്ചു.
സ്കൂട്ടറും അതിലുണ്ടായിരുന്ന മറ്റ് രണ്ടുപേരും മറുവശത്തേക്ക് തെറിച്ചുവീണതിനാൽ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ആഫിദയുടെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മകൻ: മുഹമ്മദ് മെഹഫൂഫ് (ലല്ലു).