
മൂത്തേടം | ദേശീയപാത 66ൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ യുവതി മരിച്ചു. കറുത്തേടത്ത് നാണി ഹാജിയുടെ മകൻ കുഞ്ഞുട്ടിയുടെ മകൾ റിഫയാണ് അപകടത്തിൽ മരണപ്പെട്ടത്.

ഇന്ന് രാവിലെ ഏഴരയോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്. ദേശീയപാതയുടെ വികസന പ്രവൃത്തികൾ പുരോഗമിക്കുന്ന സ്ഥലത്ത് കൂട്ടുകാരിയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന റിഫയുടെ വാഹനത്തിൽ കർണ്ണാടകയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിയുകയും, റിഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ റിഫയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.