
കൊച്ചി: നഗരത്തിലെ വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ കോട്ടയം ചിങ്ങവനം സ്വദേശിനിയായ സുധാ ബേബി (45) ആണ് കൊല്ലപ്പെട്ടത്. എറണാകുളം പൂത്തോട്ടയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

ചൊവ്വാഴ്ച (ഫെബ്രുവരി 24, 2026) പുലർച്ചെ മൂന്ന് മണിയോടെ വൈറ്റില ഫ്ലൈഓവർ ന് താഴെ ഉപയോഗശൂന്യമായ റെയിൽവേ ട്രാക്കിന് സമീപമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അമൃത എക്സ്പ്രസ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിന് സമീപം മൃതദേഹം ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തും പൊന്നുരുന്നി സ്വദേശിയുമായ കെ.വി. ഷാജി (റിട്ടയേർഡ് ഹൈക്കോടതി ജീവനക്കാരൻ) പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇയാൾ കുറ്റം സമ്മതിച്ചതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോണും സമീപത്തെ സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയെ വേഗത്തിൽ തിരിച്ചറിയാനും പിടികൂടാനും പോലീസിനെ സഹായിച്ചത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ട്രെയിൻ തട്ടി മരിച്ചതാണെന്ന് വരുത്തിത്തീർക്കുന്നതിനായി മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചതാണെന്ന് പോലീസ് സംശയിക്കുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.