
കോഴിക്കോട് ജില്ലയിൽ പേരാമ്പ്രയിൽ നടന്ന കുടുംബ കലഹത്തിനിടെ പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിൽ പോയ മകനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കടിയങ്ങാട് സ്വദേശിയായ ഇല്ലത്ത് മീത്തൽ ജംസാലി (26) യെയാണ് സംഭവസ്ഥലത്തിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം നടന്നത്. കടിയങ്ങാട്ടെ ഇല്ലത്ത് മീത്തൽ പോക്കർ (60) എന്നയാളെയാണ് മകൻ ജംസാലി കത്തികൊണ്ട് ആക്രമിച്ചത്. ഗുരുതരമായ പരിക്കേറ്റ പോക്കറെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തെ തുടർന്ന് പോക്കറിന്റെ ഭാര്യ ജമീല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ജംസാലിക്കെതിരെ പേരാമ്പ്ര പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിൽ ഉണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നാണ് ഭാര്യയുടെ മൊഴി.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ജംസാലിയെ തിരച്ചിലിനിടെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ആത്മഹത്യ ചെയ്തതാകാമെന്നതാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നു അന്വേഷണ സംഘം അറിയിച്ചു.