തിരുവല്ല മന്നംങ്കരചിറയിൽ നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്, മൂന്നാമൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
തിരുവല്ല കാരയ്ക്കൽ ശ്രീവിലാസത്തിൽ അനിൽകുമാറിന്റെ മകൻ എ.എസ്. ജയകൃഷ്ണൻ (21) ആണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ച മുത്തൂർ ചാലക്കുഴി ഇലഞ്ഞിമൂട്ടിൽ ഐബി.പി. രഞ്ചി (20) യാണ് ഗുരുതരാവസ്ഥയിൽ ചികിൽസയിലുള്ളത്. മുത്തൂർ പന്നിക്കുഴി സ്വദേശിയായ അനന്തുവാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. കാവുംഭാഗത്തുനിന്ന് മുത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, പാലത്തിലൂടെ വന്ന ബൈക്കുമായി കൂട്ടിയിടിയാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് അപ്രോച്ച് റോഡിന് സമീപമുള്ള മരത്തിലും വൈദ്യുതി പോസ്റ്റിൻ്റെ കോൺക്രീറ്റ് തൂണിലും തട്ടി കുളത്തിലേക്ക് മറിഞ്ഞു.
അപകടത്തെ തുടർന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. സ്ഥലത്തെ നാട്ടുകാർ ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തി കയർ ഉപയോഗിച്ച് കാർ കരയ്ക്കടുപ്പിച്ച് യാത്രക്കാരെ പുറത്തെടുത്തു. സംഭവം അറിഞ്ഞു ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി സഹായം നൽകി.
മരിച്ച ജയകൃഷ്ണൻ്റെ മൃതദേഹം തിരുവല്ല താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ജയകൃഷ്ണന്റെ കുടുംബം:
അമ്മ: സുഭദ്ര
ഏക സഹോദരി: ജയശ്രീ
