
അങ്കമാലി തിരുനായത്തോട് ശ്രീനാരായണ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യൂട്യൂബർ സൂരജ് പിഷാരടി (32) മരിച്ചു. ആലുവ ചൊവ്വര സ്വദേശിയാണ് മരണമടഞ്ഞ സൂരജ്.
ഉത്സവ എഴുന്നള്ളിപ്പിനിടെയാണ് ചിറക്കൽ ശബരീനാഥൻ എന്ന ആന അപ്രതീക്ഷിതമായി ഇടഞ്ഞത്. ഉത്സവ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ ആനയുടെ തട്ടേറ്റ് സൂരജ് നിലംപതിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ തലയിൽ ഗുരുതര പരിക്കേറ്റ സൂരജിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് നടത്തിയ അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷവും സൂരജിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഉത്സവങ്ങളും എഴുന്നള്ളിപ്പുകളും കേന്ദ്രീകരിച്ച് വീഡിയോകൾ തയ്യാറാക്കുന്ന യൂട്യൂബ് ഉത്സവപ്രേമിയായി അറിയപ്പെട്ടിരുന്ന സൂരജിന്റെ മരണം സുഹൃത്തുക്കളിലും ഉത്സവപ്രേമികളിലും വലിയ ദുഃഖം സൃഷ്ടിച്ചിട്ടുണ്ട്.
