ശബരിമല തീർത്ഥാടനത്തിന്റെ മണ്ഡല-മകരവിളക്ക് സീസണിൽ സന്നിധാനത്തിലെ തിരക്ക് പൂര്‍ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി സാധിച്ചതായി ശബരിമല എ.ഡി.എം ഡോ. അരുണ്‍ എസ്. നായർ അറിയിച്ചു. സന്നിധാനത്തെ ദേവസ്വം കോൺഫറൻസ് ഹാളിൽ ചേര്‍ന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീര്‍ഥാടനം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആദ്യ ദിവസങ്ങളിൽ ഉണ്ടായിരുന്ന ക്രമീകരണ പോരായ്മകൾ പൂര്‍ണമായും പരിഹരിച്ചതായി ഡോ. അരുണ്‍ എസ്. നായർ പറഞ്ഞു. “എല്ലാ ഭക്തർക്കും സുഗമവും സുരക്ഷിതവുമായ ദർശനം ഉറപ്പാക്കാൻ കഴിഞ്ഞു. തീർത്ഥാടനകാലം കൂടുതൽ ഫലപ്രദമാക്കാൻ ദേവസ്വം ബോർഡും പൊലീസും മറ്റു വകുപ്പുകളും ചേർന്നാണ് പ്രവർത്തിക്കുന്നത്,” എന്ന് അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതി നിർദ്ദേശപ്രകാരം സ്പോട്ട് ബുക്കിംഗ് സംഖ്യ കുറച്ചിട്ടുണ്ടെന്നും തീർത്ഥാടകർ വെർച്വൽ ക്യൂ ഉപയോഗിച്ച് എത്തുന്നതാണ് ഉചിതമെന്നും എ.ഡി.എം നിർദേശിച്ചു. തങ്ങൾക്ക് അനുവദിച്ച തീയതിയിലും സമയത്തും എത്തിച്ചേരണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
തീര്‍ഥാടനം സുതാര്യവും വിജയകരവുമാക്കാൻ ദേവസ്വം ബോർഡ്, പൊലീസ്, അഗ്നിശമനസേന, ആരോഗ്യ വകുപ്പ് എന്നിവയുടെ നിർദേശങ്ങൾ തീർത്ഥാടകർ നിർബന്ധമായും പാലിക്കണമെന്നും ഡോ. അരുണ്‍ എസ്. നായർ കൂട്ടിച്ചേർത്തു.
അവലോകന യോഗത്തിൽ സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസർ എം.എൽ. സുനിൽ, ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ്. സനിൽകുമാർ, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജു എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
