You are currently viewing വയനാട് പുനർ നിർമ്മാണം: കേന്ദ്രത്തിന്റേത് വിവേചനപരമായ നടപടിയെന്ന് കെ സി വേണുഗോപാൽ എംപി

വയനാട് പുനർ നിർമ്മാണം: കേന്ദ്രത്തിന്റേത് വിവേചനപരമായ നടപടിയെന്ന് കെ സി വേണുഗോപാൽ എംപി

വയനാടിന്റെ പുനർമ്മാണ വിഷയത്തിൽ കേന്ദ്രസർക്കാർ വിവേചനപരമായ നടപടിയാണെന്ന് എസി വേണുഗോപാൽ എംപി പറഞ്ഞു. വയനാടിനായി കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടിനെ കുറിച്ച് അദ്ദേഹം ഇങ്ങനെ ഫേസ്ബുക്കിൽ  പ്രതികരിച്ചു
“വയനാടിന്റെ പുനർനിർമാണത്തിന് കേന്ദ്ര സർക്കാർ 260.56 കോടി രൂപ അനുവദിച്ചിരിക്കുന്നു. 2219 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ട കേരളത്തിന് എന്ന് തിരുത്തി വായിക്കണം. കേരളം ഉയർത്തിയ ആവശ്യത്തിന്റെ പാതി പോലുമാകുന്നില്ല ഇത്. അതേസമയം കഴിഞ്ഞ വർഷം മഹാരാഷ്ട്രയ്ക്ക് 1492 കോടി രൂപ അനുവദിച്ചെങ്കിൽ, ഇക്കുറി അസമിന് 1270 കോടി രൂപയാണ് വെള്ളപ്പൊക്ക ദുരന്ത പുനരുദ്ധാരണത്തിന് അനുവദിച്ചിരിക്കുന്നത്. തങ്ങൾക്ക് അനഭിമതരായ ജനങ്ങളോട് കാണിക്കുന്ന രാഷ്ട്രീയ വിവേചനത്തിൽക്കുറഞ്ഞതൊന്നുമല്ല ഇത്.

വയനാട് ദുരന്തമുണ്ടായ ശേഷം സ്ഥലത്തെത്തി സാഹചര്യം നിരീക്ഷിച്ച പ്രധാനമന്ത്രിയെക്കണ്ട ജനങ്ങൾ ഏറെ പ്രതീക്ഷയോട് കൂടിയാണ് കാത്തിരുന്നത്. എന്നാൽ വൻകിട പിആർ ഏജൻസികൾ ഒരുക്കിയ ഫോട്ടോഷൂട്ടിൽ ഗൗരവവും കണ്ണീരും മാറി മാറി മുഖത്ത് വിരിയിച്ച പ്രധാനമന്ത്രി മാത്രമാണ് അവശേഷിക്കുന്നത്. ഒരു ജനത കാത്തിരുന്ന സഹായം ഇന്നുമെന്നും അന്യമായിരിക്കുമെന്ന് കൂടിയാണ് കേന്ദ്രം ഇവിടെ പ്രഖ്യാപിക്കുന്നത്.

ആവശ്യപ്പെട്ടതിന്റെ പാതി പോലുമില്ലാത്ത ധനസഹായ പ്രഖ്യാപനം ബിജെപി സർക്കാർ കേരളത്തോട് പുലർത്തുന്ന രാഷ്ട്രീയ വിവേചനം കൂടി തുറന്നുകാണിക്കുന്നതാണ്. തങ്ങളോട് ഇനിയും ആഭിമുഖ്യം കാണിക്കാത്ത ജനതയെ രാഷ്ട്രീയമായും സാമ്പത്തികമായും തകർക്കുക എന്നതാണ് ബിജെപി സർക്കാർ വെച്ചുപുലർത്തുന്ന നയം. തങ്ങൾക്ക് എതിർചേരിയിലുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുകയാണ് കേന്ദ്രസർക്കാർ. ഒരിക്കലും രാഷ്ട്രീയ പിന്തുണ കിട്ടില്ലെന്നുറപ്പുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളെ ജനങ്ങളായിക്കാണാൻ കഴിയാത്ത മനുഷ്യത്വ രഹിതമായ മാനസിക നിലയാണ് ബിജെപി സർക്കാരിന്റെ മുഖമുദ്ര.

കേരളത്തിൽനിന്ന് രണ്ട് കേന്ദ്ര സഹ മന്ത്രിമാരാണുള്ളത്. കേരളത്തോട് ഈ സമീപനം മതിയോ എന്നതിൽ ഇരുവരും വ്യക്തത വരുത്തേണ്ടതുണ്ട്. അവഗണിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്ന ദുരന്തബാധിതരായ ജനങ്ങളോട് തങ്ങൾക്ക് ഒരു മനസ്സാക്ഷിയും ആഭിമുഖ്യവും താല്പര്യവും ഇല്ലേ എന്നതിൽ ഇരുവരും മറുപടി പറയണം. കേന്ദ്ര നിലപാടിനെ തിരുത്തിക്കാൻ ഇരുവരും തയ്യാറാകുമോ? മറുപടി ആവശ്യപ്പെടുന്നത് ഒരു നാടൊട്ടുക്കാണ്. ഇക്കൂട്ടത്തിൽ ഒരു കേന്ദ്ര സഹമന്ത്രി നടത്തിവരുന്ന കലുങ്ക് സംവാദ സദസ്സ് വയനാടിന്റെ ദുരന്തഭൂമിയിൽ നടത്താൻ തയ്യാറുണ്ടോ എന്നുള്ളത് അദ്ദേഹം വ്യക്തമാക്കണം.

അടിയന്തരമായി കേന്ദ്ര തീരുമാനം പുനപരിശോധിക്കേണ്ടതുണ്ട്. ഒരു ഫെഡറൽ സമ്പ്രദായത്തെ മുഴുവൻ അട്ടിമറിച്ചുകൊണ്ട് ചില സംസ്ഥാനങ്ങളെ ഞെരിച്ചമർത്തുന്ന സമീപനം കേന്ദ്രം തിരുത്തണം. അർഹമായ ധനസഹായം ലഭിക്കാൻ വയനാട്ടിലെ ജനതയ്ക്ക് അവകാശമുണ്ട്. മനുഷ്യത്വപരമായ സമീപനമാണ് ഇവിടെ വേണ്ടത്, രാഷ്ട്രീയാവഗണനയല്ല” എംപി കുറിച്ചു.

Leave a Reply