
തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്മേൽ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് ടൂറിസം & കാറ്ററിങ് എക്സിക്യൂട്ടീവ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
ട്രെയിനുകളിലെ മോശം ഭക്ഷണവിതരണം അടിയന്തരമായി പരിഹരിക്കും എന്ന ഉറപ്പ് റെയിൽവേ അധികൃതർ നൽകിയതായി അദ്ദേഹം പറഞ്ഞു. നേരത്തെ മോശം ഭക്ഷണം നൽകിയതിന്റെ പേരിൽ വൃന്ദാവൻ ഫുഡ് പ്രോഡക്ട് യൂണിറ്റിനെ ഒഴിവാക്കി, കേരളത്തിൽ നിന്നുള്ള മൂന്ന് യൂണിറ്റുകളെ പുതിയ ഓൺബോർഡ് കാറ്ററിങ് സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയതായി റെയിൽവേ ബോർഡ് ടൂറിസം & കാറ്ററിങ് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
പുതിയായി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന കാറ്ററിങ് സ്ഥാപനങ്ങളിൽ കൊച്ചി ആസ്ഥാനമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന “സമൃദ്ധി”, തിരുവനന്തപുരം കേന്ദ്രീകരിച്ച് ഫ്ലൈറ്റ് കാറ്ററിങ് രംഗത്ത് പ്രവർത്തിക്കുന്ന “സിഎഎഫ്എസ്”, പഞ്ചനക്ഷത്ര ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖ സ്ഥാപനമായ “യുഡിഎസ്” എന്നിവ ഉൾപ്പെടുന്നു.
