
തിരുവനന്തപുരം :കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കളായ ജി.ആർ. അനിലും പ്രകാശ് ബാബുവും നടത്തിയ പരാമർശങ്ങൾ വേദനാജനകമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
മന്ത്രി ജി.ആർ. അനിലിന്റെ വാക്കുകൾ തന്നെ വേദനിപ്പിച്ചുവെന്നും, ഓഫീസിൽ വന്നപ്പോൾ “എവിടെയോ കിടന്ന ഒരുത്തൻ വന്നതുപോലെ” പെരുമാറിയത് പുച്ഛത്തോടെ കൂടിയുള്ള സമീപനമാണെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം എഐഎസ്എഫും എഐവൈഎഫും നടത്തിയ മാർച്ചിൽ ഉപയോഗിച്ച മുദ്രാവാക്യങ്ങളും തനിക്കെതിരെ ഉപയോഗിച്ച വാക്കുകളും വേദനിപ്പിച്ചതായി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം, ജി.ആർ. അനിൽ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് , താനും ശിവൻകുട്ടിയും കോളേജ് കാലം മുതൽ അടുത്ത ബന്ധമുള്ളവരാണെന്നും, താൻ മോശമായ വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും പറഞ്ഞു
ഇതിനിടെ പ്രകാശ് ബാബു തന്റെ പരാമർശങ്ങൾ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെ വേദനിപ്പിച്ചെങ്കിൽ ഖേദമുണ്ടെന്നും വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയ തർക്കങ്ങൾ ഒത്തുതീർക്കാൻ എം.എ. ബേബി നടത്തിയ ഇടപെടലുകളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
തർക്കത്തിന് ആക്കം കൂട്ടിയത് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ കേരളം ഒപ്പുവെച്ചതായിരുന്നു. ഈ നടപടി കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് ഫണ്ട് ലഭ്യമാക്കുന്നതിനായിട്ടാണെന്ന് ശിവൻകുട്ടി വ്യക്തമാക്കി. എന്നാൽ, സിപിഐ ഇതിന് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു.
