
കൊച്ചി ∙ ഏറെക്കാലമായി യാത്രാ ദുരിതം സൃഷ്ടിച്ച വരികയായിരുന്ന എച്ച്.എം.ടി ജംഗ്ഷൻ–എൻ.എ.ഡി തൊരപ്പ് റോഡിന് പുതുജീവനേകിക്കൊണ്ട് സംസ്ഥാന സർക്കാർ 17.68 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി. ഇന്ന് രാവിലെ ലഭിച്ച അനുമതിയോടെ ഈ പ്രദേശത്തെ പതിനായിരക്കണക്കിന് യാത്രക്കാരുടെ നീണ്ടകാല കാത്തിരിപ്പ് അവസാനിക്കുകയാണ്.
കുണ്ടും കുഴിയും നിറഞ്ഞ് അപകടഭീഷണി ഉയർത്തിയ റോഡിനൊപ്പം ചുറ്റുമതിൽ നിർമ്മാണം, വൈദ്യുതി–ടെലിഫോൺ പോസ്റ്റുകളുടെ മാറ്റിസ്ഥാപനം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ അനുവദിച്ച തുക വർധിപ്പിച്ചാണ് പുതുക്കിയ ഭരണാനുമതി നൽകിയത്. ഇതോടെ കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡിനെ ആധുനിക നിലവാരത്തിൽ നവീകരിക്കാൻ വഴിയൊരുങ്ങി.
സീപോർട്ട്–എയർപോർട്ട് റോഡ് നിർമ്മാണത്തിന് എൻ.എ.ഡിയുടെ സ്ഥലം ലഭ്യമാക്കുന്നതിനായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ ഭാഗമായാണ് ഈ നവീകരണപദ്ധതി. റോഡ് പ്രതിരോധ വകുപ്പിൻ്റേതായതിനാൽ പരിപാലന ചുമതലയും എൻ.എ.ഡിക്കായിരുന്നു, എന്നാൽ അറ്റകുറ്റപ്പണികൾ നിലച്ചതോടെ യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു.
പുതുക്കിയ ഭരണാനുമതി പ്രകാരം എച്ച്.എം.ടി ജംഗ്ഷൻ–തൊരപ്പ് റോഡിന് 15.97 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 5.5 മീറ്റർ വീതിയിൽ പുനർനിർമ്മിക്കുന്നതിനായി നേരത്തെ അനുവദിച്ചിരുന്ന 8.16 കോടി രൂപ പുതിയ നിരക്കുകൾ അനുസരിച്ച് വർധിപ്പിച്ചു. ചുറ്റുമതിൽ നിർമ്മാണത്തിനായുള്ള 99.43 ലക്ഷം രൂപ 1.28 കോടിയായി ഉയർത്തിയിട്ടുണ്ട്.
തുക വർധിപ്പിച്ച് പുതുക്കിയ ഭരണാനുമതി ലഭിച്ചതോടെ എച്ച്.എം.ടി–എൻ.എ.ഡി മേഖലയിൽ ഗതാഗത സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടും എന്നാണ് പ്രതീക്ഷ.
