
തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ദേശീയപാതയോരത്ത് നിർത്തിയ ശേഷം ഇറങ്ങി പോയ ഡ്രൈവറെ തൊട്ടടുത്ത ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടിൽ ബാബു (45) ആണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം നടന്നത്. എറണാകുളത്ത് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് ബാബു ഓടിച്ചിരുന്നത്. തൃശൂർ ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ബസ് നിർത്തിയ ശേഷം ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കണ്ടക്ടറോട് അറിയിച്ച് ബസിന്റെ താക്കോൽ കൈമാറിയ ബാബു മണലി പാലം ലക്ഷ്യമാക്കി ഓടിപ്പോവുകയായിരുന്നു.
ഡ്രൈവറുടെ അസ്വാഭാവികമായ പെരുമാറ്റത്തിൽ സംശയം തോന്നിയ കണ്ടക്ടറും യാത്രക്കാരും ചേർന്ന് പിന്തുടർന്നെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു.
തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെ പുതുക്കാട് പോലീസും ബന്ധുക്കളും ചേർന്നാണ് മണലി പാലത്തിനടിയിലുള്ള പുഴയോരത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനുമുമ്പ് മണലി പാലത്തിന് സമീപത്തുനിന്ന് അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ബാബു മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. അവിവാഹിതനായ ബാബു വടക്കഞ്ചേരി ഡിപ്പോയിലായിരുന്നു ജോലി ചെയ്തിരുന്നത്.
പുതുക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.