You are currently viewing ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഇഡി അന്വേഷണം നടത്തും

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഇഡി അന്വേഷണം നടത്തും

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം നടത്തുന്നതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി നൽകിക്കൊണ്ട് കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. ഇതോടെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്ത് ഇഡി അന്വേഷണം ആരംഭിക്കും.

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, എഫ്ഐആർ, റിമാൻഡ് റിപ്പോർട്ടുകൾ ഉൾപ്പെടെ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാൻ വിജിലൻസ് കോടതി പ്രത്യേക അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചു. ഇഡിയുടെ സമാന്തര അന്വേഷണം നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരും പ്രത്യേക അന്വേഷണ സംഘവും കോടതിയിൽ എതിർപ്പ് ഉന്നയിച്ചിരുന്നെങ്കിലും, കോടതി ഈ വാദങ്ങൾ തള്ളുകയായിരുന്നു.

സ്വർണ്ണക്കടത്തിൽ അന്താരാഷ്ട്ര ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും, വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് അനുമതി നൽകിയതെന്ന് കോടതി വ്യക്തമാക്കി. കോടതിയുടെ ഉത്തരവിനെ തുടർന്ന് കൊച്ചി സോണൽ ഓഫീസിൽ ഇഡി പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും.

ഈ കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ഉൾപ്പെടെ ഏഴുപേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. ഇഡിയുടെ വരവോടെ സാമ്പത്തിക ഇടപാടുകളുടെ വ്യാപ്തിയും, കേസിൽ കൂടുതൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയിൽ വരും.

കേസിലെ സാമ്പത്തിക ശൃംഖലകൾ, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണത്തിന്റെ ഉറവിടം, വിദേശ ബന്ധങ്ങൾ എന്നിവ വിശദമായി പരിശോധിക്കുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.

Leave a Reply