You are currently viewing ദുബായിൽ ലോകത്തിലെ ഏറ്റവും വലിയ എഐ ഫിലിം അവാർഡ് നേടിയ ടുണീഷ്യൻ സംവിധായകൻ

ദുബായിൽ ലോകത്തിലെ ഏറ്റവും വലിയ എഐ ഫിലിം അവാർഡ് നേടിയ ടുണീഷ്യൻ സംവിധായകൻ

ദുബായ്: ടുണീഷ്യൻ ചലച്ചിത്ര സംവിധായകൻ സൌബെയർ ജ്ലാസ്സി സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രം ലോകത്തിലെ ഏറ്റവും വലിയ എഐ ഫിലിം അവാർഡ് നേടി. ദുബായിൽ നടന്ന ‘1 ബില്യൺ ഫോളോവേഴ്‌സ് സമിറ്റ്’ വേദിയിൽ ഷൈഖ ലതീഫ ബിന്റ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സംവിധായകന് ഒരു മില്യൺ ഡോളർ സമ്മാനം കൈമാറി. ‘കണ്ടന്റ് ഫോർ ഗുഡ്’ എന്ന പ്രമേയത്തിൽ ജനുവരി 9 മുതൽ 11 വരെ ദുബായിൽ നടന്ന സമിറ്റിന്റെ നാലാം പതിപ്പിലായിരുന്നു അവാർഡ് പ്രഖ്യാപനം.
ഗൂഗിൾ ജെമിനിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ പുരസ്കാരം യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസ് സംഘടിപ്പിക്കുന്ന സമിറ്റിന്റെ ഭാഗമാണ്.

15,000ലധികം കണ്ടന്റ് ക്രിയേറ്റർമാർ, ഇൻഫ്ലുവൻസർമാർ, ചീഫ് എക്സിക്യൂട്ടീവുകൾ, ആഗോള വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ കണ്ടന്റ് ക്രിയേഷൻ മേഖലയിലെ ഭാവി സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു.
സംഘാടകരുടെ വിശദീകരണപ്രകാരം, എഐ ഫിലിം അവാർഡിനായി 3,500 ചിത്രങ്ങളാണ് സമർപ്പിക്കപ്പെട്ടത്. 116 രാജ്യങ്ങളിൽ നിന്നുള്ള 30,000ലധികം പേർ പങ്കാളിത്ത താൽപര്യം രേഖപ്പെടുത്തിയതോടെ ആഗോള തലത്തിൽ വലിയ പ്രതികരണമാണ് ലഭിച്ചത്. 40 വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക ജൂറി 400 മണിക്കൂറിലധികം ദൈർഘ്യമുള്ള സിനിമാ കണ്ടന്റുകൾ പരിശോധിച്ച് സൃഷ്ടിപരവും സാങ്കേതികവുമായ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കി. ഇതിൽ നിന്ന് 100 ചിത്രങ്ങൾ തുടർപരിശോധനയ്ക്കായി ഷോർട്‌ലിസ്റ്റ് ചെയ്തു.

ഷോർട്‌ലിസ്റ്റ് ചെയ്ത ചിത്രങ്ങൾ ഗൂഗിൾ ജെമിനി ഉപയോഗിച്ചുള്ള സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കി. ഓരോ ചിത്രവും കുറഞ്ഞത് 70 ശതമാനം ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചതെന്ന് ഉറപ്പാക്കിയ ശേഷമാണ് വിലയിരുത്തൽ നടന്നത്. ഇതിന് പിന്നാലെ പൊതുജന വോട്ടിംഗിനായി തിരഞ്ഞെടുത്ത 12 ചിത്രങ്ങളിൽ ഒന്നായി ലില്ലി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അവസാന ഘട്ടത്തിൽ അഞ്ച് നോമിനികളിൽ ഇടം നേടി വിജയിയായി.

ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഒരു ആർകൈവിസ്റ്റിന്റെ കഥയാണ് ലില്ലി അവതരിപ്പിക്കുന്നത്. അയാൾ നടത്തിയ ഒരു ഹിറ്റ്-അൻഡ്-റൺ അപകടത്തിന് പിന്നാലെ, ഒരു ബൊമ്മ അയാളുടെ കാറിന്റെ ബമ്പറിൽ കുടുങ്ങുന്നതോടെയാണ് കഥയുടെ വഴിത്തിരിവ്. ആ ബൊമ്മ അപകടത്തിൽ പരിക്കേറ്റ കുട്ടിയുമായി ആത്മീയ ബന്ധമുള്ളതാണെന്ന് വെളിപ്പെടുന്നു. കുറ്റബോധത്തിൽ അകപ്പെട്ട നായകൻ, പോലീസിൽ കീഴടങ്ങിയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയോടൊപ്പം ബൊമ്മയെ വീണ്ടും ഒന്നിപ്പിച്ചും പ്രായശ്ചിത്തം തേടുന്നു.

മനുഷ്യത്വ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതും സാംസ്കാരികമായി ബന്ധപ്പെട്ടു നിൽക്കുന്നതുമായ നല്ല സന്ദേശങ്ങൾ നൽകുന്ന കഥകൾ എഐ ഉപകരണങ്ങൾ ഉപയോഗിച്ച് സൃഷ്ടിക്കാൻ ചലച്ചിത്രകാരെ പ്രോത്സാഹിപ്പിക്കുകയാണ് ഈ അവാർഡിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply