
കൊല്ലം: കേരളത്തിലെ ആഭ്യന്തര പാൽ ഉത്പാദനം 10 ലക്ഷം ലിറ്ററിൽ അധികം വർധിച്ചതായി മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാന ക്ഷീര സംഗമത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച കേരള ഡയറി എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ആഭ്യന്തര പാൽ ഉത്പാദനം സ്ഥിരമായി ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. പല പ്രദേശങ്ങളിലും കർഷകർ പാൽ നേരിട്ട് വിപണിയിൽ നൽകുന്ന ശേഷമാണ് ശേഷിക്കുന്ന അളവ് മിൽമയിൽ എത്തിക്കുന്നത്. ഇതുമൂലം കണക്കുകളിൽ ഉണ്ടാകുന്ന കൃത്യതക്കുറവ് പരിഹരിക്കുന്നതിനായി യഥാർത്ഥ ഉത്പാദന വർധനവ് കണ്ടെത്താൻ പ്രത്യേക സർവേ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. സർവേ പൂർത്തിയാകുന്നതോടെ ഓരോ ക്ഷീരകർഷകനും ഉത്പാദിപ്പിക്കുന്ന പാലിന്റെ കൃത്യമായ അളവ് വ്യക്തമാകും.
സംസ്ഥാനത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി പശുക്കൾ വിതരണം ചെയ്യുന്നതിനായി ഓരോ പശു യൂണിറ്റിനും ഒരു ലക്ഷം രൂപ വരെ സബ്സിഡി അനുവദിച്ചതായും മന്ത്രി അറിയിച്ചു. തോട്ടം, ഫിഷറീസ് മേഖലകളിലെ തൊഴിലാളികൾ നേരിടുന്ന താൽക്കാലിക തൊഴിൽ പ്രതിസന്ധി മറികടക്കാൻ പ്രത്യേക ക്ഷീരോത്പാദന പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.
മിൽമയുടെ ലാഭത്തിന്റെ 85 ശതമാനവും ക്ഷീരകർഷകർക്കാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ പാൽ മിൽമയിൽ എത്തിച്ച് കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. അമിത ചൂട് മൂലമോ ചർമ്മരോഗം ബാധിച്ചോ മരണപ്പെട്ട പശുക്കൾക്ക് നഷ്ടപരിഹാരമായി 35,600 രൂപ വീതം അനുവദിച്ചു. ഇൻഷുറൻസ് ഇല്ലാത്തവർക്കും ഈ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്.
പാൽ ഉൽപാദനക്ഷമതയിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും രാത്രികാലങ്ങളിലെ അടിയന്തര സാഹചര്യങ്ങളിൽ ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ബാക്കി ബ്ലോക്കുകളിൽ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു.
ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയ സുകുമാരൻ അധ്യക്ഷത വഹിച്ചു.