
തിരുവനന്തപുരം:
സൈബർ അതിക്രമ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന രാഹുൽ ഈശ്വർ 45 മണിക്കൂറിലധികം നീണ്ട നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഉച്ചയോടെയാണ് ജയിലധികാരികൾ അദ്ദേഹത്തെ തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലേക്ക് മാറ്റിയത്.
കേസു കെട്ടിച്ചമച്ചതാണെന്നും, നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നും ആരോപിച്ച് രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരം തുടങ്ങിയിരുന്നു. വെള്ളം മാത്രം കുടിച്ചായിരുന്നു സമരം.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതിയെ സോഷ്യൽ മീഡിയയിൽ അപമാനിക്കുകയും വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് രാഹുലിനെ ഡിസംബർ 4 വൈകുന്നേരം 5 മണിവരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. തെളിവെടുപ്പിനായി ടെക്നോപാർക്കിലെ ഓഫീസിൽ പരിശോധന നടത്തേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.
ഇതിനിടെ, രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അടുത്ത ജാമ്യഹർജി പരിഗണിക്കൽ ഡിസംബർ 6-ലേക്ക് മാറ്റിയിരിക്കുകയാണ്.
യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അവളുടെ വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലുടെയാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
