You are currently viewing ഈഴവ-തീയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ പ്രത്യേക കമ്മിഷൻ വേണം: വെള്ളാപ്പള്ളി നടേശൻ

ഈഴവ-തീയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ പ്രത്യേക കമ്മിഷൻ വേണം: വെള്ളാപ്പള്ളി നടേശൻ

ബംഗളൂരു: ഈഴവ-തീയ്യ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും അവർ നേരിടുന്ന വിവിധ വെല്ലുവിളികളും സമഗ്രമായി പഠിച്ച് പരിഹാര നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക കമ്മിഷനെ നിയോഗിക്കണമെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ബംഗളൂരുവിൽ നടന്ന യോഗത്തിന്റെ ത്രിദിന നേതൃത്വ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ നിർണായക പങ്കുവഹിച്ച ഈഴവ-തീയ്യ സമൂഹം ഇന്ന് വിവിധ മേഖലകളിൽ പിന്നാക്കാവസ്ഥയിലാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വർധിച്ചുവരുന്ന ചെലവ്, വിദ്യാർഥികളുടെ കുറഞ്ഞ പങ്കാളിത്തം, തൊഴിലില്ലായ്മ, സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ദുർബലാവസ്ഥ, സംവരണത്തിലെ പോരായ്മകൾ, സർക്കാർ സർവീസുകളിലെ പ്രാതിനിധ്യക്കുറവ്, പരമ്പരാഗത തൊഴിൽ മേഖലകളുടെ തകർച്ച തുടങ്ങിയവ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈഴവ-തീയ്യ വിഭാഗങ്ങളുടെ യഥാർഥ സാമൂഹിക-സാമ്പത്തിക അവസ്ഥയെക്കുറിച്ച് സർക്കാർ തലത്തിൽ വസ്തുനിഷ്ഠമായ പഠനങ്ങളോ ഔദ്യോഗിക വിവരശേഖരണമോ ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിലെ പരിമിതികൾ, ചെറുകിട വ്യാപാരികളും സംരംഭകരും നേരിടുന്ന പ്രതിസന്ധികൾ തുടങ്ങിയ വിഷയങ്ങളും കമ്മിഷൻ വിശദമായി പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ വിവിധ സമുദായങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ നേരത്തെ കമ്മിഷനുകളെ നിയോഗിക്കുകയും അവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ക്ഷേമ-സഹായ പദ്ധതികൾ നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി, അതേ സമീപനം ഈഴവ-തീയ്യ വിഭാഗങ്ങളോടും സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ കരുത്തിൽ കേരളത്തിന്റെ പുരോഗതിക്ക് അടിത്തറയിട്ട സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ സർക്കാർ ഗൗരവത്തോടെ കാണണമെന്നും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഭാവി സുരക്ഷിതമാക്കുന്ന നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർമാർ, ബോർഡ് അംഗങ്ങൾ, യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെ 700 പേർ പങ്കെടുത്ത ത്രിദിന നേതൃത്വ ക്യാമ്പ് വിജയകരമായി സമാപിച്ചു.

Leave a Reply