
അഗസ്ത്യമലയിലെ കല്ലാർ മൊട്ടമൂട് ആദിവാസി ഊരിലെ മുതിർന്ന ഗോത്രനേതാവും ‘റേഡിയോ മല്ലൻ’ എന്നറിയപ്പെട്ടവരുമായ കെ മല്ലൻ കാണി അന്തരിച്ചു. ലോക ശ്രദ്ധ നേടിയ
ആരോഗ്യപ്പച്ച എന്ന ഔഷധസസ്യത്തെ പുറംലോകത്തിന് പരിചയപ്പെടുത്തിയത് മല്ലൻ കാണിയായിരുന്നു. പ്രകൃതിയോടും കാട്ടറിവിനോടും അഗാധമായ ബഹുമാനവും അറിവും പുലർത്തിയ അദ്ദേഹം, ഗോത്രസമൂഹത്തിന്റെ പാരമ്പര്യവും ജ്ഞാനവും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിൽ നിർണായക പങ്ക് വഹിച്ചു.
കാട്ടിൽ ആദ്യമായി റേഡിയോ വാങ്ങിയ ആദിവാസി എന്ന നിലയിൽ മല്ലൻ കാണി ശ്രദ്ധേയനായി. സ്വാതന്ത്ര്യത്തിനും ഏഴു വർഷം മുൻപ് തന്നെ കാട്ടിൽ റേഡിയോ കേൾക്കാൻ തുടങ്ങിയതോടെ അദ്ദേഹത്തിന് ‘റേഡിയോ മല്ലൻ’ എന്ന പേര് ലഭിച്ചു
ആരോഗ്യപ്പച്ച എന്ന ഔഷധസസ്യത്തെ ശാസ്ത്രലോകത്തിനും പൊതുസമൂഹത്തിനും പരിചയപ്പെടുത്തിയത് മല്ലൻ കാണിയായിരുന്നു. ഈ സസ്യത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ഔഷധം ‘ജീവനി’ എന്ന പേരിൽ അന്താരാഷ്ട്ര ശ്രദ്ധ നേടി
പ്രായം 106 വയസ്സിന് മുകളിൽ ആയിരുന്ന മല്ലൻ കാണിയുടെ മരണത്തിലൂടെ അഗസ്ത്യമലയിലെ ആദിവാസി സമൂഹത്തിന് വലിയൊരു പാരമ്പര്യത്തെയും അറിവിനെയും നഷ്ടപ്പെടുകയാണ്. അദ്ദേഹത്തിന്റെ ജീവിതം, കാട്ടറിവ്, ഔഷധസസ്യങ്ങൾ, കാലാവസ്ഥ പ്രവചനങ്ങൾ തുടങ്ങിയവയിൽ അദ്ദേഹത്തിന് അപാരമായ പാണ്ഡിത്യം ഉണ്ടായിരുന്നു.
