
ശാസ്താംകോട്ട ∙ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനായി ഏഴുകോടി രൂപയുടെ പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചതായി കൊടികുന്നിൽ സുരേഷ് എം.പി അറിയിച്ചു.
സ്റ്റേഷൻ നവീകരണ പദ്ധതിയുടെ ഭാഗമായി നിലവിലുള്ള പ്ലാറ്റ്ഫോമുകളുടെ പുതുക്കിപ്പണിയൽ, പ്ലാറ്റ്ഫോം ഷെൽട്ടറുകളുടെ അറ്റകുറ്റപ്പണിയും വിപുലീകരണവും, ശൗചാലയ നിർമ്മാണം, കാത്തിരിപ്പുകേന്ദ്രം, പഴയ സ്റ്റേഷൻ കെട്ടിടത്തിന്റെ പുനരുദ്ധാരണം, ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനം, കോച്ച് പൊസിഷൻ ഡിസ്പ്ലേ യൂണിറ്റ്, കേറ്ററിംഗ് സ്റ്റാളുകൾ, മതിയായ ഇരിപ്പിടങ്ങൾ, കുടിവെള്ള സംവിധാനം, മാലിന്യ നിർമാർജ്ജന സൗകര്യങ്ങൾ, ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ നവീകരണം, ലിഫ്റ്റ്, ദിശാബോർഡുകൾ, പ്ലാറ്റ്ഫോം ലൈറ്റിംഗ്, ഫാൻ എന്നിവ ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും.
വിശദമായ പദ്ധതി രേഖ പൂർത്തിയാക്കിയതിന് ശേഷം മൂന്നുമാസത്തിനകം ടെൻഡർ നടപടികൾ ആരംഭിക്കും.നിലവിൽ നിരവധി എക്സ്പ്രസ് ട്രെയിനുകൾക്കും പുതുതായി അനുവദിച്ച സ്പെഷ്യൽ ട്രെയിനുകൾക്കും ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഉടൻ തന്നെ ഏറനാട് എക്സ്പ്രസ്, മംഗലാപുരം–തിരുവനന്തപുരം എക്സ്പ്രസ്, മാവേലി എക്സ്പ്രസ് എന്നിവയും സ്റ്റേഷനിൽ നിർത്തി തുടങ്ങുമെന്നും എംപി പറഞ്ഞു.
