
പല നിറങ്ങളിലുള്ള പൂക്കളുടെ മനോഹാരിതയിലാണ് കുളക്കട ഗ്രാമം ഓണത്തെ വരവേൽക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ പാടശേഖരങ്ങളിൽ ജമന്തി, വാടാമല്ലി, ബന്ദി എന്നിവ പൂന്തോരണങ്ങളായി വിരിഞ്ഞിരിക്കുകയാണ്. കൃഷിഭവന്റെ പിന്തുണയും സബ്സിഡി പദ്ധതികളും കര്‍ഷകരെ പൂക്കൃഷിയിലേക്ക് ആകര്‍ഷിച്ചതോടെ നാട്ടിൽ തന്നെ ആവശ്യമായ തോതിൽ പൂക്കൾ ലഭ്യമാക്കാനായിട്ടുണ്ട്.
കൃഷിഭവന്റെ സഹായത്തോടെ 5 ഏക്കറിൽ ബന്ദിപ്പൂ കൃഷി നടത്തി 8 ടൺ വിളവെടുത്ത് വിപണിയിലെത്തിച്ചു കഴിഞ്ഞു. കഴിഞ്ഞ ജൂലൈയിൽ കൃഷിഭവൻ വിതരണം ചെയ്ത ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ബന്ദിതൈകളാണ് ഇപ്പോൾ ഓണ വിപണിയിൽ നിറഞ്ഞുനിൽക്കുന്നത്. പൂർണമായി വിരിഞ്ഞ ഒരു ബന്ദിപൂവിന് ശരാശരി 60 ഗ്രാം തൂക്കമുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ സംസ്ഥാന ഹോർട്ടികൾച്ചർ ഫണ്ടിൽ നിന്ന് ഒരു ഹെക്ടറിന് 20,000 രൂപ സബ്സിഡിയാണ് അനുവദിച്ചത്. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയസൂത്രണ ഫണ്ടിലൂടെ മൂന്നു ലക്ഷം രൂപ ചെലവഴിച്ച് 75% സബ്സിഡി നിരക്കിൽ 15 കൃഷികൂട്ടങ്ങൾക്ക് ബന്ദിപ്പൂത്തൈകൾ വിതരണം ചെയ്തു. വിപണിയിൽ അഞ്ച് രൂപ വിലയുള്ള ഹൈബ്രിഡ് തൈകളാണ് വിതരണം ചെയ്തത്. തൈ നടീൽ നടത്തിയതിന് ശേഷം 45 ദിവസത്തിനകം വിളവെടുപ്പ് സാധിച്ചു.
അതേസമയം, വാടാമല്ലിയും ജമന്തിയും 2025-26 സാമ്പത്തിക വർഷത്തിൽ സബ്സിഡി പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്തു. വാടാമല്ലി 50 സെന്റിലും ജമന്തി 30 സെന്റിലും കൃഷി ചെയ്തിട്ടുണ്ട്. വിപണിയിൽ വാടാമല്ലിക്ക് കിലോയ്ക്ക് 400 രൂപയും ജമന്തിക്ക് 300 രൂപയും വില ലഭിക്കുന്നു. ഇരുവരുടെയും വിളവെടുപ്പ് 60 ദിവസത്തിനകം പൂർത്തിയാക്കി. കഴിഞ്ഞ വർഷം വാടാമല്ലി 1500 കിലോയും ജമന്തി 1000 കിലോയും വിളവെടുത്തിരുന്നു. വെള്ളയും വൈലറ്റ് നിറത്തിലുള്ള ഇനങ്ങളാണ് കൂടുതലായി കൃഷി ചെയ്തത്. തരിശുഭൂമിയിൽ സൂര്യകാന്തി കൃഷിയും ഡിസംബർ മാസത്തോടെ ആരംഭിക്കും.
തിരുവോണംവരെ പൂക്കളംഒരുക്കുന്നതിനായുള്ള പൂക്കള്‍ ഗ്രാമത്തിനുള്ളില്‍തന്നെയുണ്ട്. ഇറക്കുമതി ചെയ്ത പൂക്കൾക്കു പകരം നാട്ടിൽ വിളഞ്ഞ പൂക്കൾ ഓണാഘോഷങ്ങളിൽ ഉപയോഗിക്കാനാകുന്നത് വലിയ നേട്ടമാണെന്നും, കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുന്നതാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യമെന്നും കുളക്കട കൃഷി ഓഫീസർ സതീഷ് കുമാർ വ്യക്തമാക്കി.
