
പത്തനാപുരം: 40 വര്‍ഷങ്ങള്‍ക്ക് ശേഷം കെ.എസ്.ആര്.ടി.സി. ലാഭത്തിലേക്ക്. 1.57 കോടി രൂപയുടെ നേട്ടമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കരസ്ഥമാക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാര് അറിയിച്ചു. പത്തനാപുരം യൂണിറ്റില്‍ പുതുതായി അനുവദിച്ച 10 ബ്രാന്‍ഡ് ബസുകളുടെയും വിവിധ ഗ്രാമീണ-അന്തര്‍സംസ്ഥാന സര്‍വീസുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ടിക്കറ്റ് വരുമാനമായി 10.19 കോടി രൂപയാണ് ലഭിച്ചതെന്നും, ഒമ്പത് വര്‍ഷത്തിനിടെ സര്‍ക്കാര്‍ 10,000 കോടി രൂപയാണ് കെ.എസ്.ആര്.ടി.സിക്കായി ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ മൈലേജ് ലഭിക്കുന്ന ബസുകള്‍ വാങ്ങാന്‍ 108 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും 300-ലധികം പുതിയ വാഹനങ്ങള്‍ ഉടന്‍ നിരത്തിലിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവനക്കാര്‍ക്ക് ശമ്പളവും ഓണക്കാല അലവന്‍സും നേരത്തെ തന്നെ വിതരണം ചെയ്തുവെന്നും, ഡ്രൈവിങ് സ്കൂളുകളുടെ മുഖേന ഒന്നര കോടി രൂപയുടെ ലാഭവും കൈവന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇറങ്ങിയ എല്ലാ ഡബിള്‍ ഡക്കര്‍ ബസുകളും ലാഭത്തിലാണെന്നും, തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ക്കായി പുതിയ ഡബിള്‍ ഡക്കര്‍ ബസുകള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചു.
സ്കാനിയ, വോള്‍വോ, മിനി ബസുകളില്‍ ഉള്‍പ്പെടെ സൗജന്യ വൈ-ഫൈ സംവിധാനം (ഒരു ജി.ബി ഡാറ്റ വരെ) സ്ഥാപിച്ചതായും, ചെറിയ ദൂരങ്ങളിലേക്ക് പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ ഇറക്കുമെന്നും മന്ത്രി അറിയിച്ചു. ബസുകള്‍ സ്വന്തം വാഹനം പോലെ ജീവനക്കാര്‍ പരിപാലിക്കണമെന്നും, കെ.എസ്.ആര്.ടി.സി.യുടെ മുന്നേറ്റം തുടരാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.