
പത്തനംതിട്ട ജില്ലയിലെ മലയോര പ്രദേശങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന സീതത്തോട്–നിലയ്ക്കല്‍ കുടിവെള്ള പദ്ധതി പൂര്‍ത്തീകരണത്തിന്റെ അവസാനഘട്ടത്തിലേക്ക്. നിലയ്ക്കല്‍ ബേസ് ക്യാമ്പിലെത്തുന്ന ലക്ഷക്കണക്കിന് ശബരിമല തീര്‍ഥാടകരോടൊപ്പം പെരുനാട് ഗ്രാമപഞ്ചായത്തിലെ നിലയ്ക്കല്‍, പ്ലാപ്പള്ളി, ളാഹ മേഖലകളും സീതത്തോട് ഗ്രാമപഞ്ചായത്തും പദ്ധതിയുടെ ഗുണഭോക്താക്കളാകും.
നബാര്‍ഡ് ഫണ്ടിനൊപ്പം ജല്‍ജീവന്‍ മിഷനിലും ഉള്‍പ്പെടുത്തി ₹120 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ മലയോര മേഖലയിലെ കുടിവെള്ള ക്ഷാമവും വര്‍ഷങ്ങളായി നേരിടുന്ന ജലവിതരണ ചെലവിന്റെ അധികബാധ്യതയും പരിഹരിക്കപ്പെടും.
മൂന്ന് സമ്പ് കം പമ്പ് ഹൗസുകളും ഒരു ഉപരിതല ജലസംഭരണിയും ഇതിനകം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. പദ്ധതിയിലൂടെ മണ്ഡലകാലത്ത് ടാങ്കര്‍ വഴി നടത്തിവന്നിരുന്ന കുടിവെള്ള വിതരണം ഗണ്യമായി കുറയ്ക്കാനാകും.
പദ്ധതിയുടെ മുഖ്യ ഘടകങ്ങള്‍
ജലശുദ്ധീകരണശാല: പ്രതിദിനം 13 മില്യണ്‍ ലിറ്റര്‍ ശേഷിയോടെ.
സമ്പ് കം പമ്പ് ഹൗസുകള്‍: 6 ലക്ഷം ലിറ്റര്‍ ശേഷിയുള്ള 3 യൂണിറ്റ്.
പൈപ്പ് ലൈന്‍: 508 എം.എം വ്യാസമുള്ള എം.എസ് പൈപ്പുകളിലൂടെ 20,151 മീറ്റര്‍ നീളം.
ഓവര്‍ഹെഡ് റിസര്‍വോയറുകള്‍: നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ 20 ലക്ഷം ലിറ്റര്‍ വീതം ശേഷിയുളള 3 എണ്ണം.
നിര്‍മ്മാണ പുരോഗതി
2016-ല്‍ കക്കാട്ടാറിനെ കേന്ദ്രകരിച്ച് പദ്ധതി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 9 കോടി രൂപ ചെലവില്‍ ട്രീറ്റ്മെന്റ് പ്ലാന്റും കിണറും നിര്‍മ്മിച്ചു. തുടര്‍ന്ന്, നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത പ്രവര്‍ത്തനങ്ങള്‍ ജല്‍ജീവന്‍ മിഷന്‍ വഴിയാണ് മുന്നോട്ടു കൊണ്ടുപോയത്.
നിലയ്ക്കല്‍ ബേസ് ക്യാമ്പിനടുത്തുള്ള ബി.എസ്.എന്‍.എല്‍ ടവറിന് സമീപമുള്ള 20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി പൂര്‍ത്തിയായി. ഗോശാലയ്ക്കും പളളിയറക്കാവ് ക്ഷേത്രത്തിന് സമീപവും സമാന ശേഷിയിലുള്ള സംഭരണികള്‍ അവസാനഘട്ടത്തിലാണുള്ളത്.
കഴിഞ്ഞ മണ്ഡലക്കാലത്ത് താല്‍ക്കാലികമായി സ്ഥാപിച്ച 5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സ്റ്റീല്‍ ടാങ്കില്‍നിന്ന് ട്രയല്‍ റണ്‍ അടിസ്ഥാനത്തില്‍ വെള്ളവിതരണം നടത്തിയിരുന്നു. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ ശബരിമല തീര്‍ഥാടകരുടെയും മലയോര ജനങ്ങളുടെയും കുടിവെള്ള പ്രതിസന്ധി പരിഹരിക്കപ്പെടും.
