
അടൂർ: അടൂർ നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് സംവിധാനം ഒക്ടോബർ 13 മുതൽ ആരംഭിക്കും. ഇതിനാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി നഗരസഭ അറിയിച്ചു. പാർക്കിങ് ഏരിയകൾ വ്യക്തമാക്കിക്കൊണ്ട് ലൈൻ വരയ്ക്കൽ നടപടികളും പൂർത്തിയായി.
ആദ്യ ഘട്ടത്തിൽ പാർത്ഥസാരഥി ക്ഷേത്രത്തിന് എതിർവശം മുതൽ ഇന്ദ്രപ്രസ്ഥ ഹോട്ടലിന്റെ പ്രധാന കവാടം വരെ, കൂടാതെ കെഎസ്ആർടിസി സ്റ്റാൻഡിനോട് ചേർന്ന് ക്ഷേത്ര ഭാഗത്തേക്ക് പോകുന്ന ഇടതു വശം വരെ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ ഇരുചക്രവാഹനങ്ങൾക്കാണ് പാർക്കിങ് അനുവദിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് എതിർവശത്ത് കാറുകൾക്കായുള്ള പാർക്കിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്.
അതേസമയം, പഴയ അടൂർ ടൗൺഹാൾ പ്രദേശത്ത് താത്കാലികമായി ഫീസ് ഈടാക്കിയുള്ള പാർക്കിങ് ആരംഭിക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. പുതിയ ടൗൺഹാൾ നിർമാണം ആരംഭിക്കുന്നതുവരെയാണ് ഈ താത്കാലിക സംവിധാനം തുടരുക.
