
ന്യൂഡൽഹി: കച്ചവട സ്ഥാപനങ്ങളിൽ ചരക്കിറക്കാനുള്ള അവകാശം ജീവനക്കാർക്കുതന്നെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചരക്കുവിതരണ വാഹനങ്ങളിൽ നിന്നുള്ള ചരക്കിറക്കൽ ചുമട്ടുതൊഴിലാളികളുടെ അവകാശമാണെന്ന ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെ വാദം കോടതി തള്ളി.
ജീവനക്കാർക്ക് ചരക്കിറക്കാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനാണ് സുപ്രീം കോടതി ശരിവെച്ചത്. ഇതോടെ സ്ഥാപനങ്ങളിൽ ചരക്കിറക്കൽ സംബന്ധിച്ച നീണ്ടുനിന്ന തർക്കങ്ങൾക്ക് അറുതിയായി.
2016-ൽ ജീവനക്കാരെക്കൊണ്ട് ചരക്കിറക്കാൻ ശ്രമിച്ച സ്ഥാപനങ്ങൾക്ക് എതിരെ തൊഴിലാളി യൂണിയനുകൾ ഇടപെട്ടതോടെയാണ് ഈ കേസ് ആരംഭിച്ചത്. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ കോടതിയെ സമീപിച്ചതിനെത്തുടർന്ന് 2017-ൽ ഹൈക്കോടതി ജീവനക്കാരുടെ പക്ഷത്താണ് വിധി പറഞ്ഞത്. എന്നാൽ സംസ്ഥാന സർക്കാരിന്റെയും ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെയും പിന്തുണയോടെ തൊഴിലാളി യൂണിയനുകൾ സുപ്രീം കോടതിയെ സമീപിച്ചു. ഇപ്പോൾ സുപ്രീംകോടതി അതു തള്ളിയതോടെ ഹൈക്കോടതി വിധി നിലനിൽക്കുകയാണ്.
