
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഒക്ടോബർ 13-ന് ഒപ്പുവെച്ച ഗസാ വെടിനിർത്തൽ കരാർ തകർച്ചയുടെ വക്കിലാണ്. ഹമാസ് പൂർണമായും ആയുധം താഴെ വെച്ചില്ലെങ്കിൽ കരാർ നിലനിൽക്കില്ലെന്ന് സൗദി അറേബ്യ, യു.എ.ഇ., ബഹ്റൈൻ എന്നിവർ മുന്നറിയിപ്പ് നൽകി.
ഇസ്രായേൽ ഹയോം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഗൾഫ് രാജ്യങ്ങൾ മധ്യസ്ഥരായ ഖത്തർ, ഈജിപ്ത്, തുര്‍ക്കി എന്നിവർ ഹമാസിനോട് അതികം ഇളവുകാട്ടുന്നുവെന്ന് ആരോപിച്ചു. ഇതിലൂടെ അമേരിക്കൻ മധ്യസ്ഥതയിലുള്ള സമാധാന കരാർ തന്നെ അപകടത്തിലാക്കുന്നുവെന്നതാണ് ആരോപണം. 2017-ൽ സൗദിയും യു.എ.ഇയും നയിച്ച ഖത്തർ ഉപരോധകാലത്തെ പിരിമുറുക്കങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്ന സാഹചര്യമാണിത്.
വെടിനിർത്തൽ ഒപ്പുവെച്ച ഷാർം എൽ ഷെയ്ഖ് ഉച്ചകോടിയിൽ സൗദിയും യു.എ.ഇയും പങ്കെടുത്തില്ലെന്നതും രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ഭിന്നതയെയാണു സൂചിപ്പിക്കുന്നത്.
ഇതിനിടെ, ഹമാസ് കരാറിലെ ആയുധനിരായുധീകരണ വ്യവസ്ഥ നിരസിക്കുകയും, വെടിനിർത്തലിന് പിന്നാലെ പൊതു ആയുധ പ്രദർശനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇത് കരാറിന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഹമാസിനെ അനുസരിപ്പിക്കാൻ ഇസ്രായേലിന്റെയും അമേരിക്കയുടെയും തുടർച്ചയായ സമ്മർദ്ദം മാത്രമേ ഫലപ്രദമാകൂവെന്ന് അവർ വിലയിരുത്തുന്നു.
രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്ന സാഹചര്യത്തിൽ, ഗസാ വെടിനിർത്തൽ കരാറിന്റെ ഭാവി ഇപ്പോൾ തുലാസിലാണ്.
