You are currently viewing കെ.എസ്.ആർ.ടി.സിയുടെ സ്റ്റുഡൻ്റ്സ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി വിജയകരം — 38,863 വിദ്യാർത്ഥികൾക്ക് RFID കാർഡുകൾ വിതരണം ചെയ്തു

കെ.എസ്.ആർ.ടി.സിയുടെ സ്റ്റുഡൻ്റ്സ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി വിജയകരം — 38,863 വിദ്യാർത്ഥികൾക്ക് RFID കാർഡുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ സ്റ്റുഡൻ്റ്സ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി വൻവിജയമാകുകയാണ്. ബഹു. ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരം ആരംഭിച്ച ഈ പദ്ധതി, വിദ്യാർത്ഥി യാത്രാ സൗകര്യത്തെ ഡിജിറ്റൽ യുഗത്തിലേക്ക് മാറ്റിയ പ്രധാന പരിഷ്കാരമായി കണക്കാക്കപ്പെടുന്നു.

കൺസഷൻ വിതരണത്തിലെ കാലതാമസവും തിരക്കും ഒഴിവാക്കുന്നതിനായി ആദ്യഘട്ടത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം നടപ്പിലാക്കിയതോടെ വലിയ തോതിൽ വിദ്യാർത്ഥികൾക്ക് ഗുണം ലഭിച്ചു. തുടർഘട്ടമായി RFID കോൺടാക്റ്റ്‌ലസ് സ്മാർട്ട് കാർഡുകൾ അവതരിപ്പിച്ചതോടെ, ബസ് ടിക്കറ്റിംഗ് മെഷീനുകളിൽ (ETIM) കാർഡ് ടാപ്പ് ചെയ്ത് വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം ലഭ്യമായി.

2025 ഓഗസ്റ്റ് 21-ന് ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിദ്യാർത്ഥികൾക്ക് കാർഡുകൾ വിതരണം ചെയ്ത് ഈ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ ലഭിക്കുന്ന ഈ RFID കാർഡ് മുൻപ് ഉപയോഗിച്ചിരുന്ന പേപ്പർ കൺസഷൻ കാർഡുകൾ പോലെ എല്ലാ വർഷവും പുതുക്കേണ്ട ആവശ്യം ഇല്ലാതെ എളുപ്പത്തിൽ വാലിഡേറ്റ് ചെയ്യാവുന്നതാണ്. കാർഡിൽ ഒരു മാസം 25 ദിവസത്തെ യാത്രാവകാശമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതുവരെ 1,20,030 വിദ്യാർത്ഥികൾക്ക് കൺസഷൻ അംഗീകാരം ലഭിച്ചു. അതിൽ 38,863 വിദ്യാർത്ഥികൾക്ക് ഇതിനകം RFID കാർഡുകൾ വിതരണം ചെയ്തുകഴിഞ്ഞു. കൂടാതെ 65,000 കാർഡുകൾ ഡിപ്പോകളിൽ സ്റ്റോക്കായി ലഭ്യമാണ്. ഘട്ടം ഘട്ടമായി നിലവിലുള്ള പേപ്പർ കാർഡ് സംവിധാനം പൂർണ്ണമായും ഡിജിറ്റൽ രീതിയിലേക്ക് മാറ്റാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ പരിഷ്കാരങ്ങളിൽ ഏറ്റവും വിജയകരമായ പദ്ധതികളിലൊന്നായി ഓൺലൈൻ സ്റ്റുഡൻ്റ്സ് കൺസഷൻ സംവിധാനം മാറിയിട്ടുണ്ട്. ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് വേഗത്തിലും സുതാര്യമായും യാത്രാ സൗകര്യം ലഭിക്കുമ്പോൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കെ.എസ്.ആർ.ടി.സിക്കും കൂടുതൽ കാര്യക്ഷമമായ സേവനം ഉറപ്പാക്കാൻ സാധിക്കുന്നു.

Leave a Reply