നവകേരളം എന്ന ആശയത്തിലേക്കുള്ള യാത്രയിലാണ് കേരളം ഇപ്പോഴുള്ളതെന്നും അതിൽ ഓരോ മലയാളിയും കണ്ണിചേരേണ്ടത് അനിവാര്യമാണെന്നും റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമിയിൽ സംഘടിപ്പിച്ച വിഷൻ 2031 സാംസ്കാരിക സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നവോത്ഥാനം അനിവാര്യമായ ഒരു ഭൂതകാലം കേരളത്തിനുണ്ടായിരുന്നു. അയിത്തവും അനാചാരങ്ങളും തീണ്ടിക്കൂടായ്മയും നിറഞ്ഞ അപകടകരമായ ഭൂതകാലത്തിനു കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളിൽനിന്നും വിഭിന്നമായി, സാമൂഹികനീതിയിൽ ഉറച്ചുനിന്ന ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ കാൽവയ്പും അതിന്റെ ചരിത്രവും കേരളത്തിനുണ്ട്. ശ്രീനാരായണഗുരു അടക്കമുള്ള നിരവധി സാമൂഹിക പരിഷ്കർത്താക്കൾ ഉഴുതുമറിച്ചിട്ട നവോത്ഥാനത്തിന്റെ കാലടികൾ ആഴത്തിൽ പതിച്ച സംസ്ഥാനമാണ് നമ്മുടേത്. ഊരൂട്ടമ്പലം സ്കൂളിന്റെ ചരിത്രം വിസ്മരിക്കാനാവാത്തതാണ്. എഴുത്തും വായനയും നാടക പ്രസ്ഥാനങ്ങളും യാത്രാവിവരണങ്ങളുമെല്ലാം നവോത്ഥാനത്തെ കൂടുതൽ ശക്തമാക്കി. എന്നാൽ കേരളം ഉയർത്തിപ്പിടിച്ച മതനിരപേക്ഷതയുടെയും മാനവികതയുടെയും മഹാസഞ്ചയത്തിനുചുറ്റും അഗ്നിഗോളങ്ങൾപോലെ എഴുത്തിലും വായനയിലും സാംസ്കാരിക പ്രവർത്തനങ്ങളിലും വർഗീയ ഫാസിസ്റ്റ് സ്വഭാവരൂപീകരണരീതികൾ നമ്മെ പിടിച്ചു കുലുക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത് ഭദ്രതയോടെയും ആശയദൃഢതയോടെയും കൃത്യമായ തയ്യാറെടുപ്പുകൾ നടത്തിയാൽ മാത്രമേ വരാനിരിക്കുന്ന തലമുറകൾക്ക് ദൈവത്തിന്റെ സ്വന്തം നാട് ആ രീതിയിൽ അനുഭവിക്കാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി
നവകേരളം എന്ന ആശയവുമായി എല്ലാ മലയാളികളും ഒത്തുചേരണം:മന്ത്രി കെ. രാജൻ.
- Post author:Web desk
- Post published:Monday, 3 November 2025, 20:15
- Post category:Thiruvanathapuram
- Post comments:0 Comments