
മൂക്കുതല ∙ മൂക്കുതല പി. ചിത്രന്‍ നമ്പൂതിരിപ്പാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പി. നന്ദകുമാര്‍ എം.എല്‍.എയുടെ 2023–24 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപയും, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2022–23 ലെ വാര്‍ഷിക പദ്ധതിയില്‍നിന്ന് 25 ലക്ഷം രൂപയും, സമഗ്ര ശിക്ഷ കേരളം 2023–24 സാമ്പത്തിക വര്‍ഷത്തിലെ സ്റ്റാര്‍സ് പദ്ധതിയില്‍നിന്ന് 25 ലക്ഷം രൂപയും വിനിയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പുതിയ ഹൈസ്‌കൂള്‍ കെട്ടിടത്തില്‍ നാല് ക്ലാസ് റൂമുകളും ശുചിമുറി സൗകര്യവുമുണ്ട്. കൂടാതെ രണ്ട് ആധുനിക കംപ്യൂട്ടര്‍ ലാബുകളും നിര്‍മ്മിച്ചിട്ടുണ്ട്. പദ്ധതി നിര്‍വഹണം പൊതുമരാമത്ത് കെട്ടിട ഉപവിഭാഗമാണ് നടത്തിയത്.
ചടങ്ങില്‍ എം.എല്‍.എ പി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ദീന്‍ സ്വാഗതം പറഞ്ഞു. സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. പദ്ധതി നിര്‍വഹണ റിപ്പോര്‍ട്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗോപന്‍ മുക്കുളത്ത് അവതരിപ്പിച്ചു.
സ്കൂള്‍ വിദ്യാര്‍ത്ഥിയായ വിഷ്ണുവും എന്‍.എസ്.എസ്. യൂണിറ്റ് അംഗങ്ങളും വരച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഛായാചിത്രങ്ങള്‍ ചടങ്ങില്‍ മന്ത്രിക്ക് കൈമാറി.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, വൈസ് പ്രസിഡന്റ് ഒ.പി. പ്രവീണ്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആരിഫ് നാസര്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പി.ടി.എ പ്രസിഡന്റുമായ മുസ്തഫ ചാലുപറമ്പില്‍, എം.പി.ടി.എ പ്രസിഡന്റ് സാബിറ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.വി. കരുണാകരന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷണ്മുഖന്‍, വിദ്യാകിരണം കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി, പ്രിന്‍സിപ്പാള്‍ സി.വി. മണികണ്ഠന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
