You are currently viewing ഓണാട്ടുകര എള്ള് കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടാതിരുന്നത് സംസ്ഥാന സർക്കാരിന്റെ വീഴ്ച: എം.പി കൊടിക്കുന്നിൽ സുരേഷ്

ഓണാട്ടുകര എള്ള് കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടാതിരുന്നത് സംസ്ഥാന സർക്കാരിന്റെ വീഴ്ച: എം.പി കൊടിക്കുന്നിൽ സുരേഷ്

മാവേലിക്കര ∙ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നാഷണൽ മിഷൻ ഓൺ എഡിബിൾ ഓയിൽ– ഓയിൽ സീഡ്സ് (NMEO–OS) പദ്ധതിയിൽ ഓണാട്ടുകര എള്ള് (Onattukara Sesamum) ഉൾപ്പെടാതിരുന്നത് സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.
ഓണാട്ടുകര എള്ളിനെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എം.പി കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാനെ സമീപിച്ചിരുന്നതായി അറിയിച്ചു. അതിന് ലഭിച്ച മറുപടിയിൽ, എൻഎംഇഓ–ഒ എസ് പദ്ധതി 2024 ഒക്ടോബർ 3-നാണ് അംഗീകരിച്ചത്, എന്നാൽ കേരള സർക്കാർ ഇതുവരെ പദ്ധതിയിൽ പങ്കെടുക്കാൻ പ്രമേയം സമർപ്പിച്ചിട്ടില്ല എന്നാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഫലമായി, കേരളത്തിലെ കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാത്തത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണെന്നും, ഇത് കർഷക വിരുദ്ധമായ സമീപനത്തിന്റെ മറ്റൊരു ഉദാഹരണമാണെന്നും കൊടിക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു.

ഭക്ഷ്യഎണ്ണ മേഖലയിൽ സ്വയംപര്യാപ്തത നേടുക എന്നതാണ് എൻഎംഇഓ–ഒ എസ് പദ്ധതിയുടെ ലക്ഷ്യം. റാപ്പ്‌സീഡ്, മസ്റ്റർഡ്, ഗ്രൗണ്ട്നട്ട്, സോയാബീൻ, സൺഫ്ലവർ, എള്ള് (Sesamum), കാസ്റ്റർ, സാഫ്‌ളവർ, നൈഗർ, ലിൻസീഡ് തുടങ്ങിയ പ്രധാന എണ്ണക്കുരു വിളകളുടെ ഉൽപ്പാദനം, ഗുണമേന്മ, ശേഖരണം, പ്രോസസ്സിംഗ് തുടങ്ങിയ ഘടകങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ഈ പദ്ധതി ഉദ്ദേശിക്കുന്നത്.

“ഓണാട്ടുകര മേഖലയിൽ കർഷകർ വർഷങ്ങളായി എള്ള് കൃഷി നടത്തി വരികയാണ്. എന്നാൽ സംസ്ഥാന കാർഷിക വകുപ്പിന്റെ അനാസ്ഥ മൂലം ഈ പ്രദേശം കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടാതെ പോയത് കർഷകർക്കുള്ള വലിയ നഷ്ടമാണ്. എൻഎംഇഓ–ഒ എസ് പദ്ധതിയിൽ പങ്കാളിത്തമില്ലാത്തത് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഉത്തരവാദിത്തമാണ്,” — കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

കേന്ദ്രം സംസ്ഥാനത്തോട് അനുവൽ ആക്ഷൻ പ്ലാൻ ഉടൻ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അതിനായി സംസ്ഥാന സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply