
തിരുവനന്തപുരം : തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിനായി എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ജില്ലാ സെക്രട്ടറി വി. ജോയിയാണ് സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആകെ 101 സീറ്റുകളുള്ള കോർപ്പറേഷനിൽ ആദ്യഘട്ടമായി 93 സീറ്റുകളിലെ സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചു.
ശേഷിക്കുന്ന എട്ട് സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഘടകകക്ഷികളുമായി കൂടിയാലോചിച്ച ശേഷം പിന്നീട് പ്രഖ്യാപിക്കുമെന്ന് വി. ജോയ് അറിയിച്ചു. നിലവിലെ മേയർ ആര്യ രാജേന്ദ്രൻ ഇത്തവണ മത്സരിക്കില്ല.
സിപിഐ 17 സീറ്റുകളിലാണ് മത്സരിക്കുന്നത്. ശ്രദ്ധേയമായി നടൻ പൂജപ്പുര രാധാകൃഷ്ണൻ ഈ തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
വഞ്ചിയൂരിൽ നിലവിലെ കൗൺസിലറായ ഗായത്രി ബാബുവിന് പകരം അച്ഛൻ വഞ്ചിയൂർ ബാബുവിനാണ് സ്ഥാനാർത്ഥിത്വം ലഭിച്ചത്. അതേസമയം പട്ടത്ത് ഡെപ്യൂട്ടി മേയറുടെ മകളും ഈ തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി രംഗത്തെത്തിയിട്ടുണ്ട്.
യുവാക്കളെയും സ്ത്രീകളെയും മുൻഗണന നൽകി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന തരത്തിലാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്ന് എൽ.ഡി.എഫ് നേതൃത്വത്തിന്റെ വിശദീകരണം. പട്ടിക പ്രഖ്യാപിച്ചതോടെ മുന്നണി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേഗം കൂട്ടാനൊരുങ്ങുകയാണ്.
