
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പണം ഇന്ന് (നവംബര്‍ 14) മുതല്‍ ആരംഭിച്ചു. സ്ഥാനാര്‍ഥികള്‍ക്ക് നവംബര്‍ 21 വരെ നാമനിര്‍ദേശപത്രികകള്‍ അതത് വരണാധികാരികള്‍ക്ക് സമര്‍പ്പിക്കാം. പത്രികകള്‍ സ്വീകരിക്കുന്നത് എല്ലാ ദിവസവും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 മണിവരെയാണ്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വരണാധികാരികള്‍ പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നടപടിക്രമവും നവംബര്‍ 14ന് പ്രസിദ്ധീകരിക്കും. സമര്‍പ്പിച്ച നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പിന്‍വലിക്കല്‍ അവസാനം നവംബര്‍ 24 രാവിലെ 11 മണിവരെയാണ്.
രാഷ്ട്രീയപാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ്ചിഹ്നങ്ങളും അന്തിമ സ്ഥാനാര്‍ഥിപട്ടികയും നവംബര്‍ 24ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് ഡിസംബര്‍ 9നും വോട്ടെണ്ണല്‍ ഡിസംബര്‍ 13നും നടക്കും.
നാമനിര്‍ദേശപത്രികകള്‍ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട ഓഫീസുകളുടെയും വിശദവിവരങ്ങള്‍ ബന്ധപ്പെട്ട വരണാധികാരികള്‍ പ്രസിദ്ധീകരിച്ച അറിയിപ്പുകളില്‍ ലഭ്യമാണ്.
