You are currently viewing വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്  പി. കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയിൽ ഹർജി നൽകി

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്  പി. കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയിൽ ഹർജി നൽകി

ന്യൂദില്ലി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (Special Intensive Revision – SIR) താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയിൽ ഹർജി നൽകി. കേരള ഹൈക്കോടതി സമാനമായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്.

ഹൈക്കോടതി, എസ് ഐ ആർ സംബന്ധിച്ച വിഷയങ്ങൾ ഇതിനകം സുപ്രീം കോടതിയിൽ പരിഗണനയിലുണ്ടെന്നതിനാൽ അവിടേക്ക് തന്നെ സമീപിക്കാൻ ആവശ്യപ്പെട്ടിരുന്നു.

ഹർജിയിൽ, ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ECI) നടപ്പാക്കുന്ന പ്രത്യേക തീവ്ര പരിഷ്കരണം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണ് എന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. ബൂത്ത് ലെവൽ ഓഫീസർമാർക്ക് (BLO) അമിത ജോലിഭാരം സൃഷ്ടിക്കുന്ന തരത്തിലാണ് എസ് ഐ ആർ നടപ്പാക്കുന്നതെന്നും, ഇതിന്റെ സമ്മർദ്ദം കാരണമായി അടുത്തിടെ ഒരു ബി എൽ ഓ ആത്മഹത്യ ചെയ്ത സംഭവവും ഹർജിയിൽ ഉന്നയിക്കുന്നു.

നേരത്തെ ചേർന്ന സർവ്വകക്ഷിയോഗത്തിൽ, ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും എസ് ഐ ആർ-നെതിരെ നിയമനടപടി സ്വീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ചിരുന്നു. ഹൈക്കോടതി ഇടപെടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മുസ്ലീം ലീഗ് സ്വതന്ത്രമായി സുപ്രീം കോടതിയെ സമീപിച്ചത്.

Leave a Reply