
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (EVM) സുതാര്യവും സുരക്ഷിതവുമായി വിന്യാസം ഉറപ്പാക്കുന്നതിനായി പുതിയ ഇവിഎം ട്രാക്ക് സംവിധാനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഇത്തരമൊരു സമഗ്ര നിരീക്ഷണ സംവിധാനം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രയോഗിക്കുന്നത് ആദ്യമായാണ്.
പുതിയ ഇവിഎം ഇൻവെൻട്രി ആൻഡ് മാനേജ്മെന്റ് സോഫ്റ്റ്വെയർ വഴി ഓരോ ഇവിഎമ്മിന്റെയും സ്ഥാനം മുതൽ കൈമാറ്റം വരെയുള്ള എല്ലാ വിശദാംശങ്ങളും തത്സമയം പരിശോധിക്കാൻ സാധിക്കും. ഒരു നിർദ്ദിഷ്ട സമയത്ത് ഓരോ മെഷീനും എവിടെയാണ് — ഏത് നിയോജകമണ്ഡലത്തിലെ ഏത് പോളിംഗ് സ്റ്റേഷനിൽ, സ്ട്രോങ് റൂമിലോ വോട്ടെണ്ണൽ കേന്ദ്രത്തിലോ, അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൈവശമോ — എന്ന വിവരങ്ങൾ തത്സമയം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്കും ലഭ്യമാകും.
തിരഞ്ഞെടുപ്പിലെ സുരക്ഷയും വിശ്വാസ്യതയും ഉയർത്തുന്നതിൽ ഈ പുതിയ സംവിധാനത്തിന് വലിയ പങ്കുവഹിക്കുമെന്ന് അധികാരികൾ വ്യക്തമാക്കി. ഇവിഎം വിന്യാസത്തെക്കുറിച്ചുള്ള സംശയങ്ങളും അനിശ്ചിതത്വങ്ങളും ഒഴിവാക്കുന്നതിനും നടപടികളുടെ സുതാര്യത വർദ്ധിപ്പുന്നതിനും ഈ സംവിധാനം സഹായകരമാകും എന്നാണു വിലയിരുത്തൽ.
