നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

തിരുവനന്തപുരം:തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് (നവംബർ 22) ബന്ധപ്പെട്ട വരണാധികാരികൾ നടത്തും. പരിശോധനാ സമയം സ്ഥാനാർഥി, തിരഞ്ഞെടുപ്പ് ഏജന്റ്, നിർദേശകൻ എന്നിവർക്കൊപ്പം സ്ഥാനാർഥി എഴുതി നൽകുന്ന ഒരാൾക്കും വരണാധികാരിയുടെ മുറിയിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. എല്ലാ സ്ഥാനാർഥികളുടെ പത്രികകളും പരിശോധിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

നാമനിർദ്ദേശപത്രിക സമർപ്പിച്ച ദിവസം സ്ഥാനാർഥിക്ക് 21 വയസ് പൂർത്തിയായിരിക്കണമെന്നത് നിർബന്ധിത യോഗ്യതയാണ്. നവംബർ 21 വൈകിട്ട് മൂന്ന് മണിവരെ സമർപ്പിച്ച എല്ലാ നാമനിർദ്ദേശപത്രികകളും ഓരോന്നായി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകും. ഒരേ സ്ഥാനാർഥിക്കായി ഒന്നിലധികം നാമനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ അവയെല്ലാം ഒരുമിച്ചാണ് പരിശോധിക്കുക.

പരിശോധനയ്ക്ക് ശേഷം സ്വീകരിച്ച നാമനിർദ്ദേശപത്രികകളുടെയും സ്ഥാനാർഥികളുടെയും പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും. സ്ഥാനാർഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്. വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ നടക്കും, വോട്ടെണ്ണൽ ഡിസംബർ 13-ന് രാവിലെ 8 മുതൽ ആരംഭിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബർ 18-ന് പൂര്‍ത്തിയാകും.

Leave a Reply