You are currently viewing സംസ്ഥാന കലാ ഉത്സവ്: കോഴിക്കോട് ഓവറോൾ ചാമ്പ്യന്മാർ

സംസ്ഥാന കലാ ഉത്സവ്: കോഴിക്കോട് ഓവറോൾ ചാമ്പ്യന്മാർ

കോഴിക്കോട്: സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാനതല കലാ ഉത്സവത്തിൽ 310 പോയിന്റ് നേടി കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യൻമാരായി. 285 പോയിന്റ് നേടിയ കണ്ണൂർ രണ്ടാം സ്ഥാനവും 275 പോയിന്റ് നേടിയ തൃശൂർ മൂന്നാം സ്ഥാനവും നേടി.

കലാ മത്സരങ്ങൾ കണ്ടംകുളം ജൂബിലി ഹാൾ, തളി സാമൂതിരി ഹയർ സെക്കന്ററി സ്കൂൾ, ചാലപ്പുറം എൻ.എസ്.എസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി നടന്നു. ഓരോ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾ ഡിസംബർ മൂന്നാം വാരം പൂനെയിൽ നടക്കുന്ന ദേശീയ കലാ ഉത്സവത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കും.

പൊതുവിദ്യാലയങ്ങളിൽ 9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾ 12 ഇനങ്ങളിലായി മത്സരിച്ചു. വോക്കൽ മ്യൂസിക്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, പെർക്ക്യൂഷൻ, ഓർക്കസ്ട്ര, സോളോ ഡാൻസ്, റീജണൽ ഫോക്ക് ഗ്രൂപ്പ് ഡാൻസ്, ഷോർട്ട് പ്ലേ, 2ഡി–3ഡി വിഷ്വൽ ആർട്സ്, ട്രഡീഷണൽ സ്റ്റോറി ടെല്ലിംഗ്, ഇൻഡിജിനസ് ടോയ്സ് മേക്കിങ് തുടങ്ങി ജില്ലാതലത്തിൽ മികവ് തെളിയിച്ച നാലുനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

മേള ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സമ്മാനങ്ങൾ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ. ആർ. സുപ്രിയ വിതരണം ചെയ്തു.

Leave a Reply