
തിരുവനന്തപുരം: വിവരാവകാശ അപേക്ഷകൾക്ക് വിവരം നൽകാതിരിക്കുകയോ, വൈകിപ്പിക്കുകയോ, തെറ്റായ വിവരം നൽകുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി. കെ. രാമകൃഷ്ണൻ വ്യക്തമാക്കി. ദേശീയ സമ്പാദ്യപദ്ധതി കോൺഫറൻസ് ഹാളിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ സംഘടിപ്പിച്ച ഹിയറിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് ലഭിച്ച ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നാണെന്നും, ഈ നിയമത്തെ അവഗണിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. “വിവരാവകാശ അപേക്ഷക്ക് വെറും മറുപടി നൽകിയാൽ മതിയാകില്ല; ആവശ്യപ്പെട്ട വിവരം തന്നെയാണ് നൽകേണ്ടത്,” അദ്ദേഹം പറഞ്ഞു.
വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ എത്രയും പെട്ടെന്ന്, അല്ലെങ്കിൽ പരമാവധി 30 ദിവസത്തിനുള്ളിൽ വിവരം നൽകണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പൊതുജനങ്ങൾ നൽകിയ പരാതികളിൽ സ്വീകരിച്ച നടപടികൾ അറിയാനാണ് കൂടുതലും അപേക്ഷകൾ സമർപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവരാവകാശ രേഖകൾ വേഗത്തിൽ ലഭ്യമാക്കാൻ വകുപ്പ് മേധാവികളും പൊതുഅധികാരികളും നിയമപ്രകാരം നിർദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും, ഓഫിസുകളിലെ രേഖകൾ പട്ടിക തിരിച്ചും സുചിക തയ്യാറാക്കിയും ശരിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം വകുപ്പ് നാല് വ്യക്തമാക്കുന്നതായും കമ്മീഷണർ വ്യക്തമാക്കി.
ഹിയറിങ്ങിൽ പരിഗണിച്ച 16 കേസുകളിൽ 15 എണ്ണം തീർപ്പാക്കി. ഒരു കേസ് അടുത്ത സിറ്റിംഗിലേക്ക് മാറ്റി വെച്ചു.
