
വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാക്കി. അത്ഭുതകരമായ നേട്ടങ്ങളാണ് ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ തുറമുഖം കൈവരിച്ചത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് വിഴിഞ്ഞം വഴി സർവീസുകൾ ആരംഭിച്ചതോടെ ലോക മാരിടൈം ഭൂപടത്തിൽ സുപ്രധാനമായ സ്ഥാനവും ഉറപ്പിച്ചു കഴിഞ്ഞു.
ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം TEU കൈകാര്യം ചെയ്ത തുറമുഖം എന്ന ബഹുമതി വിഴിഞ്ഞം സ്വന്തമാക്കി. വെറും പത്തുമാസം കൊണ്ടാണ് ആദ്യഘട്ടത്തിലെ പരമാവധി ശേഷിയായ ഈ ലക്ഷ്യം മറികടന്നത്. പ്രവർത്തനം തുടങ്ങി ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം TEU-വുമാണ് ഇവിടെ കൈകാര്യം ചെയ്തത്. 399 മീറ്ററിലധികം നീളമുള്ള 41 അൾട്രാ ലാർജ് കണ്ടെയ്‌നർ വെസ്സലുകൾ (ULCV) ബെർത്ത് ചെയ്തതടക്കം ഇന്ത്യയിലെ മറ്റ് ഏത് തുറമുഖത്തേക്കാളും കൂടുതൽ വലിയ കപ്പലുകൾ എത്തിയത് വിഴിഞ്ഞത്താണ്. 300 മീറ്ററിൽ കൂടുതൽ നീളമുള്ള 154 കപ്പലുകളും 16 മീറ്ററിലധികം ഡ്രാഫ്റ്റുള്ള 45 കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു. 17.1 മീറ്റർ ഡ്രാഫ്റ്റുള്ള എംഎസ്‌സി വെറോണ എത്തിയതോടെ ദക്ഷിണേഷ്യയിൽ തന്നെ കൈകാര്യം ചെയ്തതിൽ ഏറ്റവും ആഴമുള്ള കപ്പൽ എന്ന റെക്കോർഡും വിഴിഞ്ഞത്തിന് സ്വന്തമായി. ഒപ്പം ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി ഐറിനയെ വരവേറ്റതും, എംഎസ്‌സി പലോമയിൽ ഒരൊറ്റത്തവണ 10,576 TEU കൈകാര്യം ചെയ്തതും സുപ്രധാനമായ നേട്ടങ്ങളാണ്.
പ്രവർത്തനമികവിന്റെ കാര്യത്തിലും വിഴിഞ്ഞം മുന്നിട്ടുനിൽക്കുന്നു. 2025 ഒക്ടോബറിൽ 28.52 എന്ന ഉയർന്ന ഗ്രോസ് ക്രെയിൻ റേഷ്യോ (GCR) കൈവരിക്കാൻ തുറമുഖത്തിന് സാധിച്ചു. വനിതകൾ ഓട്ടോമേറ്റഡ് ക്രെയിനുകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖം എന്ന സവിശേഷതയും വിഴിഞ്ഞത്തിനുണ്ട്. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഏവരെയും അഭിനന്ദിക്കുന്നു. ട്രാൻഷിപ്മെന്റിനൊപ്പം ഗേറ്റ് വേ ചരക്കുനീക്കം കൂടി വൈകാതെ ആരംഭിക്കുന്നതോടെ വിഴിഞ്ഞത്തിന്റെ പ്രാധാന്യം ഇനിയും വർധിക്കും.
