
ന്യൂഡൽഹി: പി.എം ശ്രി (PM SHRI) പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനും കേരള സർക്കാരിനുമിടയിൽ ആശയവിനിമയത്തിന് പാലമായി പ്രവർത്തിച്ചത് സിപിഎം എം.പി. ജോൺ ബ്രിട്ടാസ് ആണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വെളിപ്പെടുത്തി. പദ്ധതിയെ കുറിച്ചുള്ള ധാരണാപത്രത്തിൽ കേരളം ഒപ്പിടാൻ തയ്യാറാണെന്ന വിവരം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ജോൺ ബ്രിട്ടാസ് എംപിയും നേരിട്ട് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ ജോൺ ബ്രിട്ടാസിന്റെ ഇടപെടൽ അഭിനന്ദനങ്ങൾക്ക് അർഹമായിരുന്നു,എന്നാൽ തുടർന്ന് ഉണ്ടായ രാഷ്ട്രീയ വിവാദങ്ങളും ഇടതുകൂട്ടുകക്ഷികളിലെ എതിർപ്പുകളും കേരളത്തിന്റെ നിലപാടിനെ പിന്നോട്ട് മാറ്റിയതായി പ്രധാൻ ആരോപിച്ചു. കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവെച്ച ശേഷം പദ്ധതി താൽക്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാരിനുള്ളിലെ തർക്കങ്ങൾ മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങൾക്ക് പിന്നാലെ പ്രതികരിച്ച ജോൺ ബ്രിട്ടാസ് എം.പി, സംസ്ഥാന സർക്കാരിന്റെ നിവേദനങ്ങൾ കൈമാറിയത് സത്യമാണെങ്കിലും പദ്ധതിയിൽ മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഒരു എം.പി. എന്ന നിലയിൽ സംസ്ഥാനത്തിന്റെ കാര്യങ്ങൾ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) ഭാഗമായ പി.എം ശ്രി പദ്ധതിക്കെതിരെ നേരത്തെ തന്നെ ബ്രിട്ടാസ് വിമർശനം ഉന്നയിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണാവകാശത്തെ ബാധിക്കുമെന്നാണ് പദ്ധതി സംബന്ധിച്ച് കേരള സർക്കാരിന്റെ പ്രധാന വാദം.
