You are currently viewing പ്രപഞ്ചത്തിന്റെ പ്രാരംഭ കാലത്ത് രൂപം കൊണ്ട ക്ഷീരപഥ ‘ട്വിൻ’ കണ്ടെത്തി ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ

പ്രപഞ്ചത്തിന്റെ പ്രാരംഭ കാലത്ത് രൂപം കൊണ്ട ക്ഷീരപഥ ‘ട്വിൻ’ കണ്ടെത്തി ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ

പ്രപഞ്ചത്തിന്റെ അതി പ്രാചീന കാലഘട്ടത്തിൽ തന്നെ രൂപം കൊണ്ട അപൂർവവും പൂർണ്ണവും ആയ ഒരു സ്പൈറൽ ആകാശഗംഗയെ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. ആദ്യകാല ആകാശഗംഗകൾ എത്ര വേഗത്തിലാണ് സുസംഘടിത രൂപത്തിലേക്ക് വളർന്നതെന്ന ധാരണകളെ ചോദ്യം ചെയ്യുന്ന കണ്ടെത്തലാണിത്.

നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സ് (NCRA)-യിലെ പി.എച്ച്.ഡി ഗവേഷക രാഷി ജെയ്ൻ  അവരുടെ സൂപ്പർവൈസർ ഡോ. യോഗേഷ് വഡദേക്കറും കണ്ടെത്തിയ ഈ ആകാശഗംഗയ്ക്ക് അളകനന്ദ എന്നാണ് പേരിട്ടിരിക്കുന്നത്. പ്രപഞ്ചം വെറും 1.5 ബില്യൺ വർഷം പ്രായമായിരുന്ന സമയത്താണ് ഇത് നിലനിന്നിരുന്നത്. ഗ്രാവിറ്റേഷണൽ ലെൻസിംഗ് സഹായിച്ചാണ് ഈ കണ്ടെത്തൽ സാധ്യമായത്. കണ്ടെത്തലിനെക്കുറിച്ചുള്ള പഠനം ആസ്ട്രോണമി & ആസ്ട്രോ ഫിസിക്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.

ഏകദേശം 30,000 പ്രകാശവർഷ വീതിയിലും 10 ബില്യൺ സൂര്യഭാരത്തിന് തുല്യമായ നക്ഷത്രങ്ങളുമായി അളകനന്ദ  ഒരു സ്പൈറൽ ഗാലക്സിയാണ്. അതിന്റെ നക്ഷത്രക്കൂട്ടങ്ങൾ നേരത്തെ തന്നെ സുസംഘടിത രൂപം പൂർണ്ണമായി കൈവരിച്ചതിന്റെ തെളിവുകളാണ്.

വെറും 200 മില്യൺ വർഷങ്ങൾക്കകം തന്നെയാണ് ഈ ഗാലക്‌സി അവരുടെ നക്ഷത്രങ്ങളുടെ പകുതി രൂപപ്പെടുത്തിയത്—ഇന്നത്തെ ക്ഷീരപഥത്തിന്റെ താരനിർമാണ വേഗത്തേക്കാൾ 20 മുതൽ 30 ഇരട്ടിവരെ വേഗം. പ്രപഞ്ചത്തിന്റെ ആദ്യബില്യൺ വർഷങ്ങളിൽ ഇത്രയും വേഗത്തിലുള്ള വളർച്ചയും ഇത്തരത്തിലുള്ള സുസ്ഥിരമായ ഘടനയും ഉണ്ടാകുമെന്ന് ശാസ്ത്രലോകം കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ ഈ കണ്ടെത്തൽ വലിയ ഒരു ചോദ്യചിഹ്നമാണ് ഉയർത്തുന്നത്.

ആകാശഗംഗാ രൂപീകരണ മാതൃകകളെയും, സ്പൈറൽ ഡിസ്കുകൾ രൂപംകൊള്ളുന്ന സമയക്രമത്തെയും പുനർവിചാരിക്കേണ്ട സാഹചര്യമാണ് അളകനന്ദയുടെ  നിലനിൽപ്പ് സൃഷ്ടിക്കുന്നത്. ആദിമ പ്രപഞ്ചം കരുതിയതിലുമധികം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സങ്കീർണ്ണ ഘടനകൾ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് സൂചിപ്പിക്കുന്ന തെളിവുകളിൽ ഇതും ഒന്നായി ചേർന്ന് നിൽക്കുന്നു.

Leave a Reply