You are currently viewing ഇൻഡിഗോയോട് റീഫണ്ടുകൾ ഉടൻ തീർപ്പാക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം

ഇൻഡിഗോയോട് റീഫണ്ടുകൾ ഉടൻ തീർപ്പാക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം

ന്യൂഡൽഹി: റദ്ദാക്കിയതോ തടസ്സം നേരിട്ടതോ ആയ വിമാന സർവീസുകളുമായി ബന്ധപ്പെട്ട എല്ലാ ബാക്കി യാത്രക്കാരുടെ റീഫണ്ടുകളും നാളെ രാത്രി 8 മണിക്ക് മുമ്പ് തീർപ്പാക്കാൻ ഇൻഡിഗോയോട് വ്യോമയാന മന്ത്രാലയം കർശന നിർദ്ദേശം നൽകി. ബാധിതരായ യാത്രക്കാർക്ക് റീഷെഡ്യൂളിംഗ് ചാർജുകൾ ഈടാക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

റീഫണ്ട് പ്രോസസ്സിൽ താമസമോ വീഴ്ചകളോ ഉണ്ടായാൽ ഉടൻതന്നെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി. യാത്രക്കാരെ മുൻകൂട്ടി സമീപിച്ച് റീഫണ്ടും മറ്റ് യാത്രാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി ഇൻഡിഗോ പ്രത്യേക പാസഞ്ചർ സപ്പോർട്ട്, റീഫണ്ട് ഫസിലിറ്റേഷൻ സെല്ലുകൾ രൂപീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
പ്രവർത്തനസ്ഥിരത പുനഃസ്ഥാപിക്കുന്നതുവരെ ഓട്ടോമാറ്റിക് റീഫണ്ട് സംവിധാനം തുടരും.
റദ്ദാക്കലുകളും താമസവും മൂലം യാത്രക്കാരിൽ നിന്നും വേർപെട്ട എല്ലാ ബാഗേജുകളും 48 മണിക്കൂറിനകം യാത്രക്കാരുടെ വീടുകളിലേക്കോ തിരഞ്ഞെടുത്ത വിലാസങ്ങളിലേക്കോ എത്തിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ബാഗേജ് ട്രാക്കിംഗ്, ഡെലിവറി സമയക്രമം എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുകയും യാത്രക്കാരുടെ അവകാശങ്ങൾ പ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് നിർദ്ദേശമുണ്ട്.

യാത്രക്കാർ കസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ എയർലൈൻസ്, വിമാനത്താവളങ്ങൾ, സുരക്ഷാ ഏജൻസികൾ, മറ്റ് പ്രവർത്തന വിഭാഗങ്ങൾ എന്നിവരുമായി സ്ഥിര സമന്വയം തുടരുന്നതായും മന്ത്രാലയം വ്യക്തമാക്കി. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാരായവർ, വിദ്യാർത്ഥികൾ, രോഗികൾ, അടിയന്തര യാത്ര ആവശ്യമായവർ എന്നിവർക്കായി പ്രത്യേക സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് മേൽനോട്ടം ശക്തിപ്പെടുത്തിയിട്ടുണ്ട്.
സ്ഥിതി പൂർണമായും സാധാരണ നിലയിലെത്തിക്കുന്നതിനായി നിരീക്ഷണം തുടരുമെന്നും പ്രവർത്തന സാധാരണത്വം വേഗത്തിൽ പുനഃസ്ഥാപിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply