
ആലപ്പുഴ: ഡിസംബർ 9-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വനിതകളുടെ ശക്തിയും സാന്നിധ്യവും ഊന്നിപ്പറയുന്ന ഒന്നായി മാറുന്നു. ജില്ലയിലുടനീളം 808 പോളിംഗ് സ്റ്റേഷനുകൾ പൂർണ്ണമായും വനിത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും. ഇത്രയും വലിയ തോതിൽ വനിതാ സംഘങ്ങൾ ഒരു തിരഞ്ഞെടുപ്പിൽ ചുമതലയേൽക്കുന്നത് ജില്ലയിൽ ആദ്യമായാണ്.
ഈ സ്റ്റേഷനുകളിൽ പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ 1, പോളിംഗ് ഓഫീസർ 2 എന്നിങ്ങനെ എല്ലാ സ്ഥാനങ്ങളും വനിതകൾ വഹിക്കുന്നു. തിരഞ്ഞെടുപ്പ് സംവിധാനത്തിൽ വനിതകളുടെ പങ്കാളിത്തവും ഉത്തരവാദിത്തവും ഉയർത്തിക്കാട്ടുന്ന നിർണായക നീക്കം കൂടിയാണിത്.

ബ്ലോക്ക്, നഗരസഭ അടിസ്ഥാനത്തിലുള്ള വനിതാ പോളിംഗ് സ്റ്റേഷനുകൾ:
മുതുകുളം ബ്ലോക്ക്: 186
ഭരണിക്കാവ് ബ്ലോക്ക്: 133
ഹരിപ്പാട് ബ്ലോക്ക്: 51
അമ്പലപ്പുഴ ബ്ലോക്ക്: 41
പട്ടണക്കാട് ബ്ലോക്ക്: 33
കഞ്ഞിക്കുഴി ബ്ലോക്ക്: 33
ചമ്പക്കുളം ബ്ലോക്ക്: 17
ചെങ്ങന്നൂർ ബ്ലോക്ക്: 29
കായംകുളം നഗരസഭ: 48
ചേർത്തല നഗരസഭ: 36
മാവേലിക്കര നഗരസഭ: 28
ഹരിപ്പാട് നഗരസഭ: 30
ചെങ്ങന്നൂർ നഗരസഭ: 25
ആലപ്പുഴ നഗരസഭ: 108
മാവേലിക്കര ബ്ലോക്കിൽ: 1
തൈക്കാട്ടുശ്ശേരി ബ്ലോക്ക്: 8
ആര്യാട് ബ്ലോക്ക്: 1
വനിതാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിയോഗിച്ചിരിക്കുന്ന എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ആവശ്യമായ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. തെരഞ്ഞെടുപ്പ് സമാധാനപരവും സുതാര്യവുമാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.
ജില്ലയുടെ തെരഞ്ഞെടുപ്പ് രംഗത്ത് വനിതകൾ നിർണ്ണായക പങ്ക് വഹിക്കുന്ന ഈ മാറ്റം, പ്രാദേശിക ജനാധിപത്യത്തിൽ ശക്തമായ സ്ത്രീ പങ്കാളിത്തത്തിന് വഴിതെളിക്കുന്നതായും വിലയിരുത്തപ്പെടുന്നു.