
അബുദാബി: യുഎഇയിലെ എല്ലാ പള്ളികളിലും ഒരേ സമയത്ത് ജുമുഅ (വെള്ളിയാഴ്ച) നിസ്കാരം നടത്തുന്നതിന് സർക്കാർ പുതിയ തീരുമാനം പ്രഖ്യാപിച്ചു. 2026 ജനുവരി 2 മുതൽ രാജ്യത്തെങ്ങും ജുമുഅ നിസ്കാര സമയം ഉച്ചയ്ക്ക് 12:45 നു ആയിരിക്കും. നിലവിൽ പല എമിറിസ്റ്റുകളിലും പ്രാബല്യത്തിലുള്ള 1:15 നു പകരമായാണ് ഈ സമയം വരുന്നത്.

രാജ്യവ്യാപകമായി സമയം ഏകീകരിച്ച് ആശയക്കുഴപ്പം ഒഴിവാക്കുകയും എല്ലാ വിശ്വാസികൾക്കും ഏകീകൃത രീതിയിൽ നിസ്കാരത്തിൽ പങ്കെടുക്കാനുള്ള സൗകര്യം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ഈ മാറ്റമെന്ന് ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ്സ് ആൻഡ് സകാത്ത് അതോറിറ്റി (അവ്കാഫ്) അറിയിച്ചു.
പുതിയ സമയക്രമം കർശനമായി പാലിക്കാനും, വെള്ളിയാഴ്ച പ്രസംഗം (ഖുത്ബ) നഷ്ടപ്പെടാതിരിക്കാൻ വിശ്വാസികൾ നേരത്തെ പള്ളിയിലെത്താനും അവ്കാഫ് നിർദ്ദേശിച്ചിട്ടുണ്ട്.
സ്കൂളുകൾക്കും ജോലി സ്ഥലങ്ങൾക്കും ഈ പുതുക്കിയ സമയം പ്രകാരം വെള്ളിയാഴ്ച ക്രമീകരണങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്നാണ് പ്രതീക്ഷ. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നിസ്കാരത്തിൽ പങ്കെടുക്കാൻ ആവശ്യമായ സമയം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം.